Connect with us

Editorial

പെണ്‍കെണി തട്ടിപ്പ് വ്യാപകം

Published

|

Last Updated

മധ്യപ്രദേശിലെയും സമീപ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥ,രാഷ്ട്രീയ മേഖലകളിലെ ഉന്നതര്‍ കടുത്ത ആശങ്കയിലും അങ്കലാപ്പിലുമാണിപ്പോള്‍. ശ്വേത വിജയ് ഒരുക്കിയ പെണ്‍കെണിയില്‍ ബി ജെ പിയിലെയും കോണ്‍ഗ്രസിലെയും മുന്‍ മന്ത്രിമാര്‍ അടക്കം ഉന്നത നേതാക്കളും മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍മാരടക്കം ഉദ്യോഗസ്ഥ പ്രമുഖരും സിനിമാ, വ്യാവസായിക രംഗങ്ങളിലെ ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. ഭോപ്പാലില്‍ പിടിയിലായ പെണ്‍കെണി തട്ടിപ്പ് സംഘത്തില്‍ നിന്ന് യുവതികള്‍ക്കൊപ്പമുള്ള ഉന്നതരുടെ നഗ്‌ന ദൃശ്യങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും അടക്കം നാലായിരത്തോളം ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. നിയമത്തിന്റെ പിടിയിലായതോടെ മെമ്മറി കാര്‍ഡുകളില്‍ നിന്ന് ഒട്ടേറെ ദൃശ്യങ്ങള്‍ തട്ടിപ്പ് സംഘം മായ്ച്ചു കളഞ്ഞിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ അവ വീണ്ടെടുക്കാന്‍ അന്വേഷണ സംഘം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു കൂടി ലഭ്യമായാല്‍ കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകളുടെ എണ്ണം അയ്യായിരം കവിയുമെന്നാണ് കരുതുന്നത്. ഉന്നത നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു സംഘത്തിന്റെ പദ്ധതി.

രാജ്യം ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും വലിയ പെണ്‍കെണിയാണ് കോളജ് വിദ്യാര്‍ഥിനികളടക്കം നാല്‍പ്പതോളം പെണ്‍കുട്ടികളെയും ബോളിവുഡ് രണ്ടാം നിര നടിമാരെയും ഉപയോഗപ്പെടുത്തി ശ്വേത വിജയിയും സംഘവും നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കോര്‍പറേഷന്‍ എന്‍ജിനീയറായ ഹര്‍ഭജന്‍ തനിക്ക് പറ്റിയ അമളി അധികൃതരുടെ മുമ്പാകെ തുറന്നു പറയാന്‍ തയ്യാറായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് സംഘത്തിലെ അഞ്ച് സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായതോടെയാണ് പത്ത് വര്‍ഷത്തോളമായി നിയമവാഴ്ചയെ അതിവിദഗ്ധമായി കബളിപ്പിച്ചു നടത്തി വരുന്ന ഈ പെണ്‍കെണി തട്ടിപ്പിനെക്കുറിച്ച് പുറം ലോകമറിയാനിടയായത്. ശ്വേത വിജയിയുടെ സംഘത്തിലെ മോണിക്ക എന്ന പെണ്‍കുട്ടി ഹര്‍ഭജനെ വലയില്‍ വീഴ്ത്തി സ്വകാര്യ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചപ്പോഴാണ് അയാള്‍ പോലീസിനെ വിവരമറിയിച്ചത്.

കേസിലെ മുഖ്യ പ്രതിയായ ശ്വേത വിജയ് ബി ജെ പിയുമായും ചില പ്രമുഖ നേതാക്കളുമായുള്ള ബന്ധം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2013ലെയും 2018ലെയും മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്വേത വിജയ് ബി ജെ പിക്കു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രചാരണ വേദിയില്‍ ശ്വേത ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബി ജെ പി എം എല്‍ എയും മുന്‍ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിംഗിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. ഇവിടം കേന്ദ്രീകരിച്ചാണ് അവര്‍ പെണ്‍കെണികള്‍ ആസൂത്രണം ചെയ്തിരുന്നത്. മറ്റൊരു ബി ജെ പി. എം എല്‍ എയായ ദിലീപ് സിംഗ് പരിഹാറിന്റെ വീട്ടിലായിരുന്നു നേരത്തെ ശ്വേതയുടെ താമസമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്വേതക്ക് പുറമെ പിടിയിലായ തട്ടിപ്പു സംഘത്തിലെ മറ്റു നാല് സ്ത്രീകള്‍ക്കും മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
ഭീഷണിപ്പെടുത്തി പണം തട്ടാനായി പെണ്‍കെണിയൊരുക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ വ്യാപകമാണ്. കേരളത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ചില പ്രമുഖരെ കെണിയില്‍ വീഴ്ത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതി തളിപ്പറമ്പിലെ റുവൈസ് അറസ്റ്റിലായത് കഴിഞ്ഞ ജൂണിലാണ്. ഫേസ്ബുക്കില്‍ യുവതിയുടെ പേരില്‍ അക്കൗണ്ട് നിര്‍മിച്ച് യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച ശേഷം, അവരെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ ആറ് മാസം മുമ്പ് കണ്ണൂരില്‍ ആറംഗ സംഘം അറസ്റ്റിലായിരുന്നു. നഗ്ന ദൃശ്യം കാണിച്ച് പ്രവാസി വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ കൊച്ചിയില്‍ ഒരു സംഘം പിടിയിലാകുകയുണ്ടായി. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാന വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.
ഒരേ രീതിയിലാണ് പെണ്‍കെണി തട്ടിപ്പ് സംഘങ്ങളുടെയെല്ലാം പ്രവര്‍ത്തനം. ആദ്യം സമ്പന്നനായ ഇരയെ കണ്ടെത്തി അയാളുടെ വിവരങ്ങളും ജീവിത രീതിയും ശേഖരിക്കും. സംഘത്തിലെ സുന്ദരികളായ സ്ത്രീകളെ നിയോഗിച്ച് അയാളുമായി ബന്ധം തരപ്പെടുത്തുകയാണ് അടുത്ത ഘട്ടം. ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും ബന്ധം സ്ഥാപിക്കാറുള്ളത്. തുടര്‍ന്ന് നേരില്‍ കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ആ കൂടിക്കാഴ്ചയിലെ സ്വകാര്യ നിമിഷങ്ങള്‍ ഇര അറിയാതെ തന്ത്രപരമായി മൊബൈലിലോ മറ്റോ പകര്‍ത്തുകയും ചെയ്യുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് അത് വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും പ്രചരിപ്പിക്കാതിരിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും. മാനഹാനി ഭയന്ന് മിക്ക ഇരകളും പണം നല്‍കുകയാണ് പതിവ്. കെണിയില്‍ അകപ്പെട്ട കൊച്ചി സ്വദേശിയായ ഖത്തറിലെ വ്യവസായിയോട് 50 ലക്ഷമായിരുന്നു സംഘം ആവശ്യപ്പെട്ടത്. വളരെ ആസൂത്രിതവും തന്ത്രപരവുമായതിനാല്‍ തികഞ്ഞ സദാചാര ബോധമുള്ളവര്‍ക്കല്ലാതെ ഇവരുടെ കെണിയില്‍ നിന്ന് രക്ഷപ്പെടാനാകില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തുകയും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയുമാണ് ഇത്തരം കെണികളില്‍ പെടാതിരിക്കാനുള്ള മാര്‍ഗം. പരസ്ത്രീകളുമായുള്ള ബന്ധം കൊടിയ തെറ്റുകളിലേക്ക് നയിക്കുമെന്നത് അനുഭവ സത്യമാണ്. ഇത് പലപ്പോഴും ഉന്നതരുടെ സത്‌പേരും സമൂഹത്തിലുണ്ടായിരുന്ന അംഗീകാരവും നഷ്ടപ്പെടുത്താനിടയാക്കും. കേരളീയ സമൂഹം ഹീറോയായി കണ്ടിരുന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്.

Latest