Connect with us

Ongoing News

യുവ രചയിതാവിന്റെ വരികള്‍ക്ക് ഇരട്ടിമധുരം

Published

|

Last Updated

ചാവക്കാട്: സര്‍ഗവസന്തം പെയ്തിറങ്ങിയ സാഹിത്യോത്സവിന്റെ രണ്ടു പകലിരവുകളില്‍ രാഗ ശീലുകളുടെ ഇശല്‍ മേളം തീര്‍ത്തുകൊണ്ട് അനുഗ്രഹീത ഗായകര്‍ ആസ്വാദനത്തിന്റെ പുതുചരിതം തീര്‍ത്തപ്പോള്‍ മത്സരങ്ങളില്‍ രണ്ട് ഒന്നാം സ്ഥാനങ്ങള്‍ നേടിയ ഗാനങ്ങളുടെ രചയിതാവ് യുവ കലാകാരന്‍ ശ്രദ്ധേയനാകുന്നു. മാപ്പിളപ്പാട്ട് രചനക്ക് പിന്‍തുടര്‍ച്ചയുണ്ടെന്ന് ഈ സാഹിത്യോല്‍സവിലൂടെ തെളിയിക്കുകയാണ് യുവ മാപ്പിള കലാകാരനായ ഷഹീര്‍ ചെന്നര. ഏറ്റവും പ്രായം കുറഞ്ഞ മാപ്പിള കവിയായിട്ടാണ് ഈ ഇരുപത്തിനാലുകാരന്‍ അറിയപ്പെടുന്നത്. തന്റെ 22 ആം വയസില്‍ എഴുതിയ “ദനുവര്‍ കര്‍ബല” ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ ഷാമില്‍ പാലക്കാട് അവതരിപ്പിച്ചത് ചേന്നരയുടെ “പുകളാല്‍ പതിമക്ക എന്ന ഗാനമാണ്.

കൂടാതെ കേരളത്തെ നടുക്കിയ മഹാപ്രളയത്തെ വരികളില്‍ ചാലിച്ച “മധു മതി തിരു ഗുരു” എന്ന ഗാനം പാടി സെബിന്‍ കണ്ണൂരും സംഘവും അട്ടിമറി വിജയം നേടി. ഷഹീറിന്റെ “രാഗങ്ങളും ശ്രുതി ഗീതങ്ങളും” എന്ന ഗാനമാണ് ഇപ്രാവശ്യം ഏറ്റവും കൂടുതല്‍ മുഴങ്ങി കേട്ട ഗാനം. പതിനഞ്ചാം വയസില്‍ ആരംഭിച്ച ഗാനരചന നിരവധി വേദികളില്‍ ഒരുപാട് അനുഗ്രഹീത ഗാനങ്ങള്‍ സമ്മാനിച്ചു കഴിഞ്ഞു. നാനൂറിലേറെ ഗാനങ്ങള്‍ക്ക് ഷഹീര്‍ ഇതിനകം രചന നിര്‍വഹിച്ചിട്ടുണ്ട്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഇദ്ദേഹം അബുദാബി ഖാലിദിയ സെക്ടര്‍ ആര്‍ എസ് സി കലാലയം കണ്‍വീനറാണ്. അഷ്‌റഫ് സഅദി പാലപ്പെട്ടിയാണ് ഗാന രചനയിലെ ഗുരു. മലപ്പുറം ചേന്നര പള്ളിപറമ്പത്ത് ഖാലിദിന്റെയും താഹിറയുടെയും മൂത്ത മകനാണ് ഷഹീര്‍.