സൂരജ് കള്ളപ്പണം ഉപയോഗിച്ച് മകന്റെ പേരില്‍ ഭൂമിവാങ്ങി: വിജിലന്‍സ്

Posted on: September 30, 2019 1:30 pm | Last updated: September 30, 2019 at 4:42 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ കുരുക്ക് മുറുകുന്നു. പാലാരിവട്ടം പാലം നിര്‍മാണ കാലയളവില്‍ ബിനാമി പേരില്‍ സൂരജ് കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. 2012- 14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നുമാണ് വിജിലന്‍സ് പറയുന്നത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും ഇതിനുള്ള തെളിവ് ശേഖരിക്കുകയാണെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

3.30 കോടി രൂപ ഉപയോഗിച്ചാണ് സൂരജ് മകന്റെ പേരില്‍ ഭൂമി വാങ്ങിയത്. എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന്ചോദ്യം ചെയ്ത ഘട്ടത്തില്‍ ടി ഒ സൂരജ് സമ്മതിച്ചു എന്ന വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു

2014 ഓഗസ്റ്റിലാണ് ആര്‍ ഡി എക്‌സ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി അനുവദിക്കുന്നത്. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് സൂരജ് മകന്റെ പേരില്‍ ഭൂമി വാങ്ങുന്നത്.