Connect with us

Ongoing News

കുടിയിറക്കത്തിന്റെ കുടിലതകള്‍ പങ്കുവെച്ച് സംവാദം

Published

|

Last Updated

ചാവക്കാട്: പിറന്ന നാട്ടില്‍ നിന്നും കുടിയിറക്കപ്പെടുന്നതിന്റെ നീതികേടുകളെ ജനകീയ വിചാരണ ചെയ്ത് സാഹിത്യോത്സവ് ചര്‍ച്ചാവേദി ഭരണകര്‍ത്താക്കളുടെ നെറികേടുകള്‍ക്കെതിരെ ചൂടേറിയ പ്രതിഷേധമായി മാറി. കുടിയിറക്കുകളെ നിശബ്ദമായി സമൂഹം അവഗണിക്കുകയാണെന്നും അതുവഴി കുടിയിറക്കം ചിലപ്പോഴെങ്കിലും അനിവാര്യമാണെന്ന് പൊതുബോധം ശക്തമാകുന്നതായി ആമുഖം അവതരിപ്പിച്ച എഴുത്തുകാരന്‍ മുഹമ്മദലി കിനാലൂര്‍ അഭിപ്രായപ്പെട്ടു. അസമും കശ്മീരും അപ്രഖ്യാപിത തടവറ ആയി മാറുന്ന കാലത്ത് ചേര്‍ന്നു നില്പുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുടിയിറക്കലിനെ കുറിച്ച് നാം ചര്‍ച്ച ചെയ്യാന്‍ വളരെ വൈകിയെന്ന് ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു പ്രമുഖ എഴുത്തുകാരന്‍ കെ സഹദേവന്‍ ചൂണ്ടിക്കാട്ടി. ആധുനികത പ്രാചീനതയെ എല്ലായിടത്തും വിഴുങ്ങി കഴിഞ്ഞു. ചരിത്രത്തില്‍ വരെ. രാജ്യത്തെ ആദിവാസികളുടെ ചരിത്രം അപ്രത്യക്ഷമായി. ഏത് കാലത്ത് സാമ്പത്തികപ്രതിസന്ധി ഉണ്ടാകുന്നുവോ അക്കാലത്ത് കുടിയിറക്കല്‍ ഉണ്ടാകുന്നു. ചരിത്രത്തില്‍ കൊളോണിയല്‍ പോളിസിയുടെ തുടര്‍ച്ച ഭരണകര്‍ത്താക്കള്‍ തുടരുന്നതുകൊണ്ട് സ്വാതന്ത്ര്യ സമരങ്ങളുടെ പൂര്‍വകാലം നിഷ്‌കാസനം ചെയ്യപ്പെട്ടു. അസമില്‍ ഏതു അജണ്ടയാണ് നടപ്പാക്കുന്നത് അത് വൈകാതെ രാജ്യമാസകലം ലഭിച്ചേക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ ചരിത്രകാരന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി, മാധ്യമപ്രവര്‍ത്തകരായ കാസിം ഇരിക്കൂര്‍, രാജീവ് ശങ്കരന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ചടങ്ങില്‍ ഐ പി ബി യുടെ പുതിയ പത്ത് പുസ്തകങ്ങള്‍ പ്രകാശിതമായി.

Latest