അധികാരത്തിന് വേണ്ടി സൗഹൃദം തകർക്കുന്നത് ആപത്കരം: കെ ഇ എൻ

Posted on: September 30, 2019 1:16 pm | Last updated: September 30, 2019 at 2:04 pm


ചാവക്കാട്: അധികാരത്തിനു വേണ്ടി മാനവിക സൗഹൃദം തകർക്കുന്നത് ആപത്കരമാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ ഇ എൻ അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയിലെ സാംസ്‌കാരിക സമ്മേളനത്തിൽ എഴുത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തിനെ എഴുത്തിലൂടെ നേരിടണം. അല്ലാതെ അക്രമ മാർഗങ്ങളിലൂടെ നേരിടുന്നത് ഇന്ത്യയുടെ ഭാവി ഭീതിദമാക്കും. രാഷ്ട്രീയക്കാർക്കൊത്ത് എഴുത്തുകാർ ചലിക്കുമെന്ന് നടിക്കുന്നത് വെറും വ്യാമോഹം മാത്രമാണ്. എഴുത്തിനൊരു സ്വാതന്ത്ര്യമുണ്ട്. അത് ഹനിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ സാംസ്‌കാരിക രംഗത്തെ അവസ്ഥ വളരെ ഭീതിപ്പെടുത്തുന്നതാണ്. എന്നാൽ കേരളത്തിൽ ഒരു പ്രതിരോധത്തിന്റെ ശൈലിയാണ് നിലനിന്നു പോരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വർഗീയവത്കരണത്തിലൂടെ കേരളത്തെ ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീരാൻകുട്ടി, കെ സി സുബിൻ, ശറഫുദ്ദീൻ അഞ്ചാംപീടിക, ഫൈസൽ അഹ്സനി ഉളിയിൽ, മജീദ് അരിയല്ലൂർ സംസാരിച്ചു.