Connect with us

Articles

ഹൂസ്റ്റണിലെ രാഷ്ട്രീയ പൊതുയോഗം

Published

|

Last Updated

Photo Courtesy: theintercept.com

ആള്‍ക്കൂട്ടത്തോട് സംസാരിക്കുമ്പോള്‍ വല്ലാത്ത ഊര്‍ജം പ്രസരിപ്പിക്കാനുള്ള നരേന്ദ്ര മോദിയുടെ മിടുക്ക് സമ്മതിച്ച് കൊടുത്തേ മതിയാകൂ. എന്നാല്‍ നേര്‍ക്കു നേര്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം ആത്മവിശ്വാസമില്ലാത്ത മനുഷ്യനായി ചുരുങ്ങിപ്പോകും. അപൂർവമായി അദ്ദേഹം നല്‍കിയ അഭിമുഖങ്ങളിലെല്ലാം ചോദ്യങ്ങള്‍ നേരത്തേ എഴുതി വാങ്ങുകയായിരുന്നു. അങ്ങേയറ്റം കാരുണ്യപൂര്‍വവും ആരാധനാപൂര്‍വവുമാണ് അഭിമുഖകാരന്‍മാര്‍ അദ്ദേഹത്തെ സമീപിച്ചത്. മോദി എന്ന മനുഷ്യന്‍ എത്ര ദുര്‍ബലനാണെന്ന് തെളിയിച്ച ആ പത്ര സമ്മേളനം മറക്കാറായിട്ടില്ലല്ലോ. അമിത് ഷായെ അടുത്തിരുത്തി, എല്ലാ ഉത്തരങ്ങള്‍ക്കും ഉടയോനായി ഷായെ വാഴിച്ച് തലകുലുക്കാന്‍ മാത്രമറിയുന്നവനായി ഇരുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശത്തിന് തൊട്ടു മുമ്പ് നടന്ന ആ വാര്‍ത്താ സമ്മേളനത്തില്‍. ആള്‍ക്കൂട്ടത്തിലേക്കുള്ള പടരലും സ്വന്തമാകുമ്പോഴുള്ള ചുരുങ്ങലും ചരിത്രത്തില്‍ നിരവധി പേരില്‍ കാണാനാകും. അവരിലൊരാളുടെ പേര് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നായിരുന്നു.

അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിയര്‍ പുസ്തകത്തിലെ തിളങ്ങുന്ന അധ്യായമായിരിക്കും. ഇസ്‌റാഈല്‍ സന്ദര്‍ശനത്തോളം തിളക്കമില്ലെങ്കിലും. 50,000ത്തിലേറെ ഇന്ത്യന്‍ വംശജര്‍ എന്‍ ആര്‍ ജി സ്റ്റേഡിയത്തില്‍ ഇരച്ചെത്തി. മോദി, മോദി ആര്‍പ്പുവിളികളാല്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മേളനത്തിനെത്തി വേദിയിലും സദസ്സിലുമിരുന്നു. ഒരു പാട് കെട്ടിപ്പിടിത്തങ്ങള്‍, ഹസ്തദാനങ്ങള്‍, അപദാനങ്ങള്‍. വിശിഷ്ട സൗഹൃദത്തിന്റെ അടയാളപ്പെടുത്തലുകള്‍. ബഹു ഭാഷകളില്‍ സംസാരിച്ച് ഇന്ത്യയുടെ വൈവിധ്യത്തെ പ്രധാനമന്ത്രി അടയാളപ്പെടുത്തി.

കശ്മീര്‍ മുതല്‍ സാമ്പത്തിക നയം വരെ എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന്റെ പ്രസംഗം കയറിയിറങ്ങി. പാക്കിസ്ഥാനെ ആക്രമിച്ചു. ഇന്ത്യയില്‍ എല്ലാം ഭദ്രമെന്ന് കിറുകൃത്യം പ്രഖ്യാപിച്ചു. ജനം ആര്‍പ്പു വിളിച്ചു. മോദി ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ ക്യാമറകള്‍ സദസ്സിലിരിക്കുന്ന ട്രംപിലേക്ക് തിരിഞ്ഞു. അദ്ദേഹം ആസ്വദിച്ച് സ്വതസിദ്ധമായ ആ വിഡ്ഢിച്ചിരി ചിരിച്ചു. ഗംഭീരം. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രി മുരളീ ദിയോറയുടെ മകനുമായ മിലിന്ദ് ദിയോറ വരെ അംഗീകരിച്ച പ്രകടനം. ശശി തരൂരും അക്കൂട്ടത്തില്‍ തന്നെ നിന്നു. ഇന്റര്‍നെറ്റ് സമൂഹം കൈയടിച്ചത് ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി തനിക്കു കിട്ടിയ ബൊക്കെയില്‍ നിന്ന് വീണ പൂവ് കുനിഞ്ഞു പെറുക്കിയെന്നതിലാണ്. സ്വച്ഛ് ഭാരതിന്റെ മഹാമാതൃക.
എന്നാല്‍, ഈ സംഗമത്തിന്റെ രാഷ്ട്രീയമെന്തായിരുന്നു? രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ ഏത് നിലയിലാണ് അത് സ്വാധീനിക്കാന്‍ പോകുന്നത്? നയതന്ത്രതലത്തില്‍ എന്ത് മുന്നേറ്റമാണ് ലക്ഷങ്ങള്‍ ഇടിച്ചു തള്ളി നടന്ന ഹൗഡി മോദി കൊണ്ടുവരിക? ഈ ചോദ്യങ്ങള്‍ ചോദിക്കും മുമ്പ് ഒരു തീര്‍പ്പിലെത്തേണ്ടതുണ്ട്. ഹൗഡി മോദി രാഷ്ട്രീയ പൊതു യോഗമായിരുന്നോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

മോദിയും ട്രംപും അവിടെ എത്തിയത് രാഷ്ട്രത്തലവന്‍മാരായാണോ അതോ രാഷ്ട്രീയ നേതാക്കളെന്ന നിലയിലാണോ. ഇക്കാര്യത്തില്‍ നമുക്ക് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനെയും മിലിന്ദ് ദിയോറയെയും തന്നെ ആശ്രയിക്കാം. വിദേശത്തായിരിക്കുമ്പോള്‍ മോദിയെ വിമര്‍ശിക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ പറഞ്ഞത്. കാരണം അദ്ദേഹം രാജ്യത്തെ പ്രതിനിധാനം ചെയ്യുകയാണ്. അപ്പോള്‍ അദ്ദേഹത്തെ ബഹുമാനിക്കണം. അദ്ദേഹം നാട്ടില്‍ വന്നിട്ട് വിമര്‍ശനമാകാമല്ലോ എന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. ഹൗഡി മോദിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ യശസ്സുയര്‍ത്തിയെന്നാണ് മിലിന്ദ് ദിയോറയും പറയുന്നത്.
അങ്ങനെയെങ്കില്‍ ഈ കാര്‍ണിവലിനെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടിയിരിക്കുന്നു. മറിച്ച് രാഷ്ട്രീയ പൊതു യോഗമാണെങ്കില്‍ ഒന്നും പറയാനില്ല. ഹൗഡി മോദി ധൂര്‍ത്താണെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എന്ത് പരിഹാരമാണ് ഇതുണ്ടാക്കുകയെന്നും പൊതു ബോധത്തെ വെല്ലുവിളിച്ച് കൊണ്ട് ചോദ്യമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയാണ് ശരി. കാരണം ഹൗഡി മോദിയില്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഏറ്റവും ഇടുങ്ങിയ പ്രയോഗമാണ് കണ്ടത്. ഹരിയാനയിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പും വരുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോകുകയാണ്. നാല് തവണയാണ് നിര്‍മലാ സീതാരാമന്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചത്. മാന്ദ്യമാണോ ഞെരുക്കമാണോ എന്നതില്‍ കണ്‍ഫ്യൂഷനിലാണ് നിര്‍മല. ജനങ്ങള്‍ക്ക് പക്ഷേ, ഒരു ആശയക്കുഴപ്പവുമില്ല. കാരണം അവരുടെ അസ്ഥിക്ക് തൊടുന്ന മനുഷ്യ നിര്‍മിത ദുരന്തത്തിലൂടെയണ് രാജ്യം കടന്ന് പോകുന്നത്.

സൂറത്തിലെ വ്യാപാരികള്‍ പറയും എത്ര ശക്തമാണ് മാന്ദ്യമെന്ന്. സൂറത്ത് ഉദാഹരിച്ചത് അവിടെ നിന്നാണ് സമൃദ്ധിയുടെ വാര്‍ത്തകള്‍ പലത് കേട്ടിരുന്നത് എന്നത് കൊണ്ടാണ്. തൊഴിലാളികള്‍ക്ക് ബോണസായി കാറുകളും ആഭരണങ്ങളും ഫ്‌ളാറ്റുകളും മറ്റും സമ്മാനിക്കുന്ന വാര്‍ത്തകളാണ് ലോകത്തെ തന്നെ ഏറ്റവും വലിയ വജ്രനഗരമായ സൂറത്തില്‍ നിന്ന് വരാറുള്ളത്. എന്നാല്‍, ഇപ്രാവശ്യത്തെ ദീപാവലിക്ക് ഏറ്റവും കുറഞ്ഞ ബോണസ് പോലും തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ സാധിക്കില്ലെന്നാണ് വജ്ര കമ്പനികള്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് അതില്‍ പരിഭവമില്ല. കാരണം, തൊഴില്‍ പോലും നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് അവര്‍ക്കറിയാം. കഴിഞ്ഞ ഏഴ് മാസത്തിനിടെ നാല്‍പ്പതിനായിരം വജ്ര തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. രാജ്യമാകെ സൂറത്താകുകയാണ്. അപ്പോള്‍ മാന്ദ്യത്തിന്റെ വാര്‍ത്തകള്‍ മറച്ചു വെക്കാന്‍ ഹൗഡി മോദി പോലുള്ള കൊണ്ടാട്ടങ്ങള്‍ നടത്താതെ തരമില്ല.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ ന്യായീകരിക്കാന്‍ മോദി ഹൂസ്റ്റണില്‍ ഏറെ വാക്കുകള്‍ ചെലവിട്ടു. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ചരിത്രപരമായ തീരുമാനമെടുക്കാന്‍ മുന്നില്‍ നിന്ന ജനപ്രതിനിധികള്‍ക്കുള്ള ആദരമായി എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി ആവശ്യപ്പെടുകയുണ്ടായി. മോദി, മോദി എന്ന ആരവത്തോടെ സദസ്സ് പ്രതികരിച്ചു. ആലോചിക്കണം, ആ കരഘോഷങ്ങള്‍ മുഴങ്ങുമ്പോഴും കശ്മീരിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. പള്ളികള്‍ തുറക്കുന്നില്ല. നേതാക്കള്‍ ഇപ്പോഴും തടവറയിലാണ്. പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല.

എന്താണ് അവിടെ നടക്കുന്നതെന്ന് പുറത്തറിയുന്നില്ല. കുട്ടികളെ ജയിലിലടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിച്ച് സുപ്രീം കോടതി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരമോന്നത കോടതിയുടെ പരിഗണനയിലുമാണ്. ഈ വസ്തുതകള്‍ മുഴുവന്‍ കണക്കിലെടുക്കുമ്പോള്‍ വിദേശത്ത് ചെന്ന് മോദി നടത്തിയ വാചകമടിയെ ബി ജെ പി പൊതുയോഗത്തിലെ പ്രസംഗമെന്നല്ലാതെ എന്താണ് വിളിക്കുക.

ഇനി അമേരിക്കയുമായുള്ള ബന്ധത്തില്‍ പുതുയുഗം പിറന്നുവെന്ന പെരുമ്പറയുടെ നിജസ്ഥിതി നോക്കാം. ഹൗഡി മോദിയുടെ പിറ്റേന്ന് ട്രംപ് നടത്തിയ ട്വീറ്റ് മാത്രം മതി ഈ അവകാശവാദം പൊളിക്കാന്‍. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ചര്‍ച്ച നടത്തിയ ശേഷം ട്രംപ് കുറിച്ചു: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ്യതക്ക് തയ്യാറാണ്. ഇംറാന്‍ ഖാനോട് സംസാരിച്ചപ്പോള്‍ അതിനുള്ള ആവശ്യകത ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്താണ് ഈ ട്വീറ്റിന്റെ അര്‍ഥം? കശ്മീര്‍ ഒരു അന്താരാഷ്ട്ര വിഷയമല്ലെന്നും പുറത്തു നിന്ന് ആരും ഇടപെടേണ്ടെന്നുമുള്ള ഇന്ത്യന്‍ നിലപാട് ട്രംപ് ആവര്‍ത്തിച്ച് തള്ളിയിരിക്കുന്നു. അതും മോദിയെ കെട്ടിപ്പിടിച്ചതിന് തൊട്ടു പിറകേ. പാക്കിസ്ഥാനുമായുള്ള സൗഹൃദം അമേരിക്കയുടെ ജിയോപൊളിറ്റിക്കല്‍ മുന്‍ഗണനയാണ്. അവരുടെ സ്വന്തം ചട്ടമ്പിയാണ് പാക്കിസ്ഥാന്‍. കോട്ടിട്ടവര്‍ ഇരിക്കുന്ന വേദിയില്‍ ഒരു പക്ഷേ അമേരിക്ക പാക്കിസ്ഥാനില്‍ നിന്ന് അല്‍പ്പമൊന്ന് അകന്നിരുന്നേക്കാം. ഇന്ത്യക്ക് മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ വേഷമുള്ളതിനാല്‍ കൈ തോളിലിട്ടേക്കാം. അത്രതന്നെ.

സത്യത്തില്‍ യു എസുമായുള്ള ബന്ധം ഏറ്റവും മോശമായ ഘട്ടമാണിപ്പോള്‍. “അമേരിക്കാ ഫസ്റ്റ്” എന്ന മുദ്രാവാക്യം മുഴക്കുന്ന ട്രംപ് ഇന്ത്യക്കെതിരെ തീരുവാ യുദ്ധം തുടരുകയാണ്. തുര്‍ക്കിയെയും ചൈനയെയും ഇന്ത്യയെയും ഒറ്റപ്പെടുത്തുന്ന നയമാണ് വ്യാപാര രംഗത്ത് ട്രംപ് ഭരണകൂടത്തിന്റേത്. ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്റ്റൈല്‍സ് അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് ഉയര്‍ത്തിയ ഇറക്കുമതി തീരുവ താഴ്ത്തിയിട്ടില്ല. ഇഷ്ട രാഷ്ട്ര പദവി ഇന്ത്യയില്‍ നിന്ന് എടുത്തു മാറ്റിയിരിക്കുന്നു. ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയടക്കമുള്ള വികസ്വര ചേരിയെ ശക്തമായി എതിര്‍ക്കുന്നത് അമേരിക്കയാണെന്നുമോര്‍ക്കണം. ഈ നയത്തിലൊന്നും ഒരു മാറ്റവുമില്ല. വിസാ നയം നിരന്തരം കര്‍ക്കശമാക്കുന്ന ട്രംപ് ഇന്ത്യന്‍ ഐ ടി പ്രൊഫഷനകളുടെ അന്തിക്രിസ്തുവാണ്. ഇന്ത്യ കടുത്ത ഊര്‍ജ പ്രതിസന്ധി അനുഭവിക്കുമ്പോഴും ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന ശാഠ്യത്തില്‍ ഇളവ് വരുത്താന്‍ ട്രംപിന് കാരുണ്യമുണ്ടായില്ല. ഹൗഡി മോദി പരിപാടിയില്‍ അഭിനയിച്ചത് കൊണ്ടൊന്നും യു എസ് അതിന്റെ മുന്‍ഗണനകളില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല.

‘മോദിയുടെ ഒപ്പം നടക്കാനും കെട്ടിപ്പിടിക്കാനും ഹൂസ്റ്റണില്‍ ട്രംപ് എത്തിയതിന്റെ യഥാര്‍ഥ കാരണമെന്താണ്? 2020ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് തന്നെ. കഴിഞ്ഞ തവണ ട്രംപിനെ കൈവിട്ട സ്റ്റേറ്റാണ് ഹൂസ്റ്റണ്‍ ഉള്‍പ്പെട്ട ടെക്‌സാസ്. ഇത്തവണ അത് തിരിച്ചു പിടിക്കണം. തികഞ്ഞ കുടിയേറ്റ വിരുദ്ധനും വംശീയവാദിയുമായ ട്രംപ് ഇന്ത്യന്‍ വംശജരുടെ സംഗമത്തില്‍ എത്തുക വഴി താന്‍ സമ്പൂര്‍ണമായി മാറിയിരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ട്രംപുമാര്‍ കുടിയേറ്റക്കാരെയും കറുത്ത, തവിട്ട് തൊലിക്കാരെയും ഓര്‍ക്കും. ഇനി ട്രംപിനെ നിങ്ങള്‍ കാണുക മുസ്‌ലിം സംഗമത്തിലായിരിക്കും.

ചുരുക്കത്തില്‍ ഹൗഡി മോദിയില്‍ എത്തിയ എല്ലാവര്‍ക്കും അവരവരുടെ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു. തരൂര്‍ പറഞ്ഞത് പോലെ മോദി പോയത് രാജ്യത്തെ പ്രതിനിധാനം ചെയ്താണെങ്കില്‍ ഈ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ ജനതയുടെ സ്ഥാനമെവിടെയാണ്?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest