Connect with us

National

ബില്‍ക്കീസ് ബാനുവിന് രണ്ട് ആഴ്ചക്കകം 50 ലക്ഷം രൂപയും ജോലിയും വീടും നല്‍കണം

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യ കാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്ത ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. നേരത്തെ കോടതി വിധിച്ച തൊഴിലും താമസ സൗകര്യവും 50 ലക്ഷം രൂപ നഷ്ടപരിഹാരവും രണ്ട് ആഴ്ച്ചക്കകം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പുനപരിശോധനാ ഹരജി നല്‍കുമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിലപാടും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാറിനെതിരെ വിധിയില്‍ ഞങ്ങള്‍ ഒന്നും പറയാത്തത് ഒരു ഭാഗ്യമായി കരുതിയാല്‍ മതിയെന്നും സര്‍ക്കാറിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു.

എന്തുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത്രയും നാളായി നഷ്ടപരിഹാര തുക നല്‍കാതിരുന്നതെന്നും രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

എന്നാല്‍ നഷ്ടപരിഹാരതുക നല്‍കണമെന്ന ഉത്തവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രീം കോടതി രണ്ടാഴ്ച്ചക്കകം നഷ്ടപരിഹാര തുക ബില്‍ക്കിസ് ബാനുവിന് നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

17 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബില്‍ക്കിസ് ബാനുവിന് സുപ്രീംകോടതിയില്‍നിന്ന് അനുകൂലമായ വിധി നേടിയെടുക്കാനായത്.

Latest