രാത്രിയാത്ര നിരോധനം: ബത്തേരിയിലെ സമരത്തിന് പിന്തുണയുമായി രാഹുല്‍ നാളെയെത്തും

Posted on: September 30, 2019 11:42 am | Last updated: September 30, 2019 at 4:22 pm

കല്‍പ്പറ്റ: കഴിഞ്ഞ പത്ത് വര്‍ഷമായി ദേശീയപതാ 766ലെ രാത്രിയാത്രാ നിരോധനം പകലുംകൂടി നീട്ടാനുള്ള നീക്കത്തിനെതിരെ ബത്തേരില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി നാളെ എത്തും. നിരാഹാര സമരപന്തലിലെത്തി പിന്തുണ അറിയിച്ച് പ്രസംഗിക്കുന്ന രാഹുല്‍ ഇന്ന് വയനാട്ടില്‍ നിന്നുള്ള പ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.
മുത്തങ്ങ വഴിയുള്ള രാത്രിയാത്രാ നിരോധനം പകലും കൂടി നീട്ടാനുള്ള നീക്കത്തിനെതിരെയാണ് ബത്തേരില്‍ പ്രതിഷേധ സമരം നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ അഞ്ച് യുവാക്കളാണ് ഉപവാസ സമരം നടത്തുന്നത്.

രാതിയാത്ര നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹരജി പരിഗണിക്കവേ നിരോധനം പകലൂംകൂടി നീട്ടാമോയെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി ചോദിച്ചിരുന്നു. മാനന്തവാടി- കുടക് വഴിയുള്ള റോഡ് ദേശീയപാതയാക്കിയ ശേഷം ബത്തേരി വഴിയുള്ള പാത പൂര്‍ണമായും അടക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെയാണ് വയനാട്ടിലെ ബത്തേരിയില്‍ വലിയ പ്രതിഷേധം നടക്കുന്നത്. അഞ്ച് യുവ നേതാക്കള്‍ നടത്തുന്ന ഉപവാസ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.