Connect with us

Kerala

കോന്നി യു ഡി എഫില്‍ തീരാത്ത പോര്: അടൂര്‍ പ്രകാശുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തി

Published

|

Last Updated

പത്തനംതിട്ട: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ കോണ്‍ഗ്രസിലെ തമ്മിലടിക്ക് ശമനമായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന അടൂര്‍ പ്രകാശ് യു ഡി എഫിന്റെ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. തന്റെ അനുയായി റോബിന്‍ പീറ്ററെ മത്സരിപ്പിക്കാത്തതില്‍ അടൂര്‍ പ്രകാശിന് ഇപ്പോഴും അമര്‍ഷമുള്ളതായാണ് റിപ്പോര്‍ട്ട്.

മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കാനിരിക്കെ
അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തന്നെ അപമാനിച്ചെന്നും ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ വിമര്‍ശനം നടത്തിയെന്നും അടൂര്‍ പ്രകാശ് പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി സി സി പ്രസിഡന്റിനേയും കൂട്ടിയാണ് മുല്ലപ്പള്ളി ഇന്ന് അടൂര്‍ പ്രകാശിനെ കണ്ടത്.

നേരത്തെ മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതിനെതിരെ അടൂര്‍ പ്രകാശ് അനുകൂലികള്‍ പരസ്യ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. നേതൃത്വം ഇടപെട്ട് അന്തരീക്ഷം തണുപ്പിച്ചെങ്കിലും പ്രതിസന്ധി ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

Latest