നിയന്ത്രണ രേഖ മറികടന്ന് വരും- പാക്കിസ്ഥാന് കരസേന മേധാവിയുടെ മുന്നറിയിപ്പ്

Posted on: September 30, 2019 10:32 am | Last updated: September 30, 2019 at 12:48 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ ഇനിയുണ്ടാകുക ശക്താമായ മറുപടിയാകുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയ കരസേന മേധാവി ബിപിന്‍ റാവത്ത്. നേരത്തെ നടത്തിയ മിന്നലാക്രമണം ഒരു സന്ദേശമാണ്. ഇനി ഒളിച്ചുകളിക്കില്ല. അതിര്‍ത്തി കടന്ന് നേരിട്ട് വരും. ആകാശത്തിലൂടെയും ഭൂമിയിലൂടെയും അതിര്‍ത്തി കടന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനാണ് റാവത്തിന്റെ മുന്നറിയിപ്പ്.

പാക്കിസ്ഥാന്‍ അന്തരീക്ഷം നശിപ്പിക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കും. എന്നാല്‍ ഇന്ത്യയുമായി നിയല്‍യുദ്ധം പാക്കിസ്ഥാന്‍ തുടരുകയാണ്. ഭീകരവാദത്തിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നു. ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍ ആണവായുധം യുദ്ധത്തിനല്ല, പ്രതിരോധത്തിനുള്ളതാണ്. ആണവായുധ പ്രയോഗത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കില്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത് നന്മക്കെന്ന് കരുതുന്ന ഏറെപേര്‍ ഇന്ന് കശ്മീരിലുണ്ട്. കശ്മീരില്‍ നുഴഞ്ഞ്കയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പരാജയപ്പെടുത്താന്‍ സൈന്യത്തിന് കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.