പറമ്പിക്കുളം- ആളിയാർ: തീരുമാനം സ്വാഗതാർഹം

Posted on: September 29, 2019 3:30 pm | Last updated: September 30, 2019 at 3:30 pm

പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കരാര്‍ പുനരവലോകനം ചെയ്യാന്‍ തീരുമാനമായത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി രൂപവത്കരിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും തമ്മിൽ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതു സംന്ധിച്ച് ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തുന്നത്.
കേരളത്തിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഭാരതപ്പുഴയുടെയും പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും ഗതിമാറ്റി തമിഴ്‌നാടിനു വേണ്ടി കിഴക്കോട്ടു കൊണ്ടുപോകുന്ന ജലകൈമാറ്റ ഉടമ്പടിയാണ്് പറമ്പിക്കുളം- ആളിയാര്‍ കരാര്‍ (പി എ പി). 1958 നവംബര്‍ ഒമ്പതിനാണ് അന്നത്തെ കേരള മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയും കരാറില്‍ ഒപ്പുവെച്ചത്. ഈ കരാറിനോട് അന്നത്തെ കേരളീയ രാഷ്ട്രീയ മേഖലയില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. കേന്ദ്രത്തില്‍ കടുത്ത സമ്മര്‍ദത്തെ തുര്‍ന്ന് കരാര്‍ അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള പല പദ്ധതികളും കേരളത്തിന് ലഭിക്കണമെങ്കില്‍ പറമ്പിക്കുളം- ആളിയാര്‍ നദീജല കരാറില്‍ ഒപ്പുവെക്കണമെന്ന് കേന്ദ്രം ശഠിച്ചതായി നിയമ സഭാകമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
തമിഴ്‌നാടിന് ഏറെ ഗുണകരവും കേരളത്തിന് ദോഷകരവുമാണ് കരാറിലെ വ്യവസ്ഥകളിലധികവും. തമിഴ്‌നാട് നല്‍കുന്ന വിവരങ്ങളനുസരിച്ചും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഊന്നിയും തയ്യാറാക്കിയ വ്യവസ്ഥകളില്‍ ഒപ്പിടുക മാത്രമാണ് കേരളം ചെയ്തതെന്നും കരാര്‍ സംസ്ഥാനത്തുണ്ടാക്കുന്ന ഗുണദോഷങ്ങളെക്കുറിച്ച് കേരളം മനസ്സിലാക്കിയിരുന്നില്ലെന്നും അന്നേ പരാതിയുണ്ടായിരുന്നു. തമിഴ്‌നാടിന് അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുല്‍ ജലം ലഭ്യമാക്കുകയും കേരളത്തിന് അര്‍ഹതപ്പെട്ട ജലം പോലും നിഷേധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. തമിഴ്‌നാടുമായുള്ള എല്ലാ നദീജല കരാറുകളുടെയും സ്ഥിതി ഇതുതന്നെയാണ്. നദീതടത്തിലെ വൃഷ്ടിപ്രദേശത്തിനനുസരിച്ച് ഓരോ സംസ്ഥാനത്തിനും നദീജലത്തിലുള്ള അവകാശത്തെക്കുറിച്ചു പറമ്പിക്കുളം കരാര്‍ ഒന്നും പറയുന്നില്ല. ഓരോ പോഷക നദിയിലും അന്ന് ലഭ്യമായിരുന്ന വെള്ളത്തിന്റെ അളവ് കരാറില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും രേഖപ്പെടുത്തിയ കണക്കുകള്‍ തന്നെ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡിന്റെയും 2003-ല്‍ കരാര്‍ പുനരവലോകനത്തിനായി നിയമിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു നിശ്ചിത അളവില്‍ മാത്രം ജലം കേരളത്തിനും അവശേഷിക്കുന്നത് തമിഴ്‌നാടിനുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഷോളയാര്‍, അപ്പര്‍ നീരാര്‍ വിയര്‍, മണക്കടവ് വിയര്‍ എന്നിവിടങ്ങളിലെ യഥാര്‍ഥ ജലലഭ്യത പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍, തമിഴ്‌നാടിന് നിശ്ചിത അളവില്‍ ജലവും ബാക്കി കേരളത്തിനുമെന്ന് വ്യവസ്ഥ ചെയ്ത പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ജലലഭ്യത പ്രതീക്ഷിച്ചതിനേക്കാള്‍ കുറവുമാണ്. ഇത് അപ്രതീക്ഷിതമായി സംഭവിച്ചതല്ല. തമിഴ്‌നാടിന്റെ ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെ തന്നെ സംഭവിച്ചതാണ്. കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം പലപ്പോഴും തമിഴ്‌നാട് നല്‍കാറുമില്ല. ആളിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന നിർദിഷ്ട പദ്ധതിയില്‍ നിന്ന് 7.25 ടി എം സി ജലം കേരളത്തിന് പ്രതിവര്‍ഷം ലഭ്യമാക്കേണ്ടതുണ്ട്. മിക്കപ്പോഴും അതിന്റെ പകുതിപോലും ലഭിക്കുന്നില്ല. 2017-ല്‍ ചിറ്റൂര്‍ പുഴ നദീതടപ്രദേശത്ത് വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത കേരള- തമിഴ്‌നാട് സെക്രട്ടറിതല ചര്‍ച്ചയില്‍ കേരളത്തിന് കരാര്‍ പ്രകാരമുള്ള ജലം വിട്ടുനല്‍കുന്നതിന് ധാരണയായെങ്കിലും പാലിക്കപ്പെട്ടില്ല. കരാര്‍ പ്രകാരമുള്ള ജലം വിട്ടുകിട്ടിയാല്‍ പാലക്കാട് ജില്ല അനുഭവിക്കുന്ന വരള്‍ച്ചക്ക് വലിയൊരു പരിധി വരെ പരിഹാരമാകും.
പറമ്പിക്കുളം- ആളിയാര്‍ കരാര്‍ ഉള്‍പ്പെടെ ജലവിനിയോഗകാര്യത്തില്‍ നിലവിലുള്ള അന്തര്‍സംസ്ഥാന കരാറുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാടിനെതിരെ 2017 മെയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്ക് കത്തയച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നത് കേരളം അനുഭവിക്കുന്ന കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ ആശങ്കയുണര്‍ത്തുന്നതായും കരാര്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും സമയബന്ധിതമായ അവലോകനപദ്ധതി തയ്യാറാക്കുന്നതിനുമായി തമിഴ്‌നാട് മുഖ്യമന്ത്രിയേയും സംഘത്തേയും മുഖ്യമന്ത്രി പിണറായി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് കരാര്‍ പുനരവലോകത്തിന് തമിഴ്‌നാട് ഇപ്പോള്‍ സമ്മതിച്ചത്.
അയൽ ‍സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. എന്നും സൗഹൃദത്തിലും സഹകരണത്തിലും കഴിയേണ്ടവര്‍. പ്രാദേശിക സങ്കുചിതത്വം കൈവെടിഞ്ഞു ജനകീയ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്‌കത ഇരുസംസ്ഥാനങ്ങളിലെയും ഭരണാധികാരികള്‍ കാണിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി ഉണര്‍ത്തിയത് പോലെ മുന്‍വിധിയില്ലാതെ പ്രശ്‌നങ്ങളെ സമീപിക്കുകയും പരസ്പരം സാഹചര്യം മനസ്സിലാക്കുകയും സഹോദരങ്ങളാണ് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെന്ന ചിന്തയുമുണ്ടെങ്കില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും താത്പര്യമുണ്ടെന്നും ഇതിന് അനുയോജ്യമായ ഫോര്‍മുല കണ്ടെത്താനാവുമെന്നും തമിഴ്‌നാട് മഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.