ധനക്കമ്മി: റിസര്‍വ് ബേങ്കില്‍നിന്നും 30,000 കോടി കൂടി ആവശ്യപ്പെടാന്‍ കേന്ദ്ര നീക്കം

Posted on: September 29, 2019 9:48 pm | Last updated: September 30, 2019 at 10:09 am

ന്യൂഡല്‍ഹി :ധനക്കമ്മി മറികടക്കാന്‍ റിസര്‍വ് ബേങ്കില്‍ നിന്ന് 30,000 കോടി രൂപ ഇടക്കാല ലാഭവീതം ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നു റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ നീക്കമെന്നറിയുന്നു. വളര്‍ച്ചാ നിരക്ക് 5 ശതമാനമായി കുറഞ്ഞതും ഈയിടെ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവും സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാക്കിയിരുന്നു.

ധനക്കമ്മി നേരിടാന്‍ സര്‍ക്കാര്‍ മുന്‍പും റിസര്‍വ് ബേങ്കിന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 28,000 കോടി രൂപയും 2017-18 ല്‍ 10,000 കോടിയും ആര്‍ബിഐ ഇടക്കാല ലാഭവീതമായി നല്‍കി. കഴിഞ്ഞ മാസം ആര്‍ബിഐ ബോര്‍ഡ് 2018-19 ലെ മിച്ചത്തുക 1,23,414 കോടി രൂപയും ബിമല്‍ ജലാന്‍ സമിതി നിര്‍ദേശിച്ച പരിഷ്‌കരിച്ച സാമ്പത്തിക മൂലധന സംവിധാനം അനുസരിച്ചുള്ള അധികത്തുക 52,637 കോടി രൂപയും ഉള്‍പ്പെടെ 1,76,051 കോടി രൂപ സര്‍ക്കാരിനു കൈമാറാന്‍ തീരുമാനിച്ചിരുന്നു.