സവാള വില കുത്തനെ മുകളിലോട്ട്; കയറ്റുമതിക്ക് നിരോധമേര്‍പ്പെടുത്തി കേന്ദ്രം

Posted on: September 29, 2019 7:48 pm | Last updated: September 30, 2019 at 10:35 am

ന്യൂഡല്‍ഹി:വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തു സവാള കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തി. അടിയന്തര പ്രാധാന്യത്തോടെയുള്ള തീരുമാനമെന്നു കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു പ്രഖ്യാപനം ഉണ്ടാകും വരെ കയറ്റുമതി നിര്‍ത്തിവയ്ക്കാനാണു നിര്‍ദേശം.

നാലു വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ സവാളയ്ക്ക്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാന്‍ കാരണം. കിലോയ്ക്ക് 70-80 രൂപയായിരുന്നു ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ചില സംസ്ഥാനങ്ങളിലും സവാള വില. കേരളത്തില്‍ കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 49-50 രൂപ വരെ മൊത്തവിലയും 55-62 രൂപ ചില്ലറ വിലയുമായിരുന്നു. സവാള വില ക്രമാതീതമായി ഉയര്‍ന്നത് രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.