താളവും ഈണവും ഇണകോര്‍ത്തു ഇശലുകളില്‍ നിറഞ്ഞ് അറബന മത്സരം

Posted on: September 29, 2019 7:35 pm | Last updated: September 29, 2019 at 7:35 pm

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ വേദി ഒന്നില്‍ അറബന മത്സരത്തില്‍ താളവും ഈണവും ഇണകോര്‍ത്തപ്പോള്‍ സദസ്സ് അക്ഷരാര്‍ഥത്തില്‍ നിശ്ശബ്ദമായി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വിധികര്‍ത്താക്കളെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന കലാപ്രകടനമായിരുന്നു വിദ്യാര്‍ഥികള്‍ കാഴ്ചവെച്ചത്. പ്രാചീനമായ ബൈത്തിന്റെ വരികളും വൈവിധ്യമാര്‍ന്ന ഇശലും വേദിയില്‍ മുഴങ്ങിയെങ്കിലും അവകള്‍ക്കിടയില്‍ ശൈഖ് രിഫാഈ തിളങ്ങിനിന്നു. അദ്ദേഹത്തിന്റെ ബൈത്തുകളും മദ്ഹ് കീര്‍ത്തനങ്ങളുമാണ് വരികളില്‍ ഏറെയും സ്ഥാനം പിടിച്ചത്. ചിട്ടയായ രീതിയില്‍ ഇരുന്ന് ഇടക്കിടെയുള്ള സ്ഥാനചലനങ്ങളും ആവേശത്തിമിര്‍പ്പുണ്ടാക്കുന്ന വ്യത്യസ്ത ശബ്ദങ്ങളും വേദിയെ കോരിത്തരിപ്പിച്ചു. അപൂര്‍വമായി മാത്രം കണ്ടുവരുന്ന അറബനമുട്ട് മത്സരമായി നടത്തിയപ്പോള്‍ ഇത്രയധികം ടീം ഒന്നിച്ച് അവതരിപ്പിക്കുന്നത് കാണാനായ സൗഭാഗ്യത്തിലായിരുന്നു കാണികള്‍. ഇശലിന്റെ ഈരടികള്‍ക്കൊത്ത് പലയിടത്തും സദസ്സ് റാത്തീബുകളിലുള്ളതുപോലെ ആടുന്നതും ആസ്വദിക്കുന്നതും കാണാമായിരുന്നു.