കശ്മീര്‍ വിഷയത്തില്‍ നെഹ്‌റു കാണിച്ചത് ഹിമാലയന്‍ മണ്ടത്തരം: അമിത് ഷാ

Posted on: September 29, 2019 7:02 pm | Last updated: September 30, 2019 at 10:35 am

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വീണ്ടും കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തിച്ചത് നെഹ്‌റുവാണ്. നെഹ്‌റുവിന്റെ ഈ നടപടി ഹിമാലയന്‍ മണ്ടത്തരമാണെന്നും അമിത് ഷാ പറഞ്ഞു.

നെഹ്‌റു ഒറ്റക്കെടുത്ത തീരുമാനമായിരുന്നു അത്. 630 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേലിനായി. എന്നാല്‍ നെഹ്‌റുവിന് ജമ്മു കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുക എന്ന ഒറ്റ ചുമതല മാത്രമായിരുന്നു ഉള്ളത്. ഈ ചുമതല 2019 ആഗസ്റ്റിലാണ് യാഥാര്‍ഥ്യമായതെന്നും അമിത് ഷാ പറഞ്ഞ. ഇത്രയും കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. 1947 മുതല്‍ക്കേ കശ്മീര്‍ വിവാദ വിഷയമായിരുന്നു. എന്നാല്‍, ഒരേ അബദ്ധം ആവര്‍ത്തിക്കുന്നവര്‍ ചരിത്രം എഴുതിത്തുടങ്ങിയതോടെ യാഥാര്‍ഥ്യം മറച്ചുവെക്കപ്പെട്ടു. കശ്മീരിന്റെ യാഥാര്‍ഥ്യങ്ങള്‍ ജനം അറിയേണ്ട കാലമാണിത്.അന്താരാഷ്ട്ര വേദികളില്‍ ഒരു രാഷ്ട്രവും പാകിസ്താനെ പിന്തുണക്കുന്നില്ല. എല്ലാവരുടെയും പിന്തുണ ഇന്ത്യക്കാണ്. ഇത് നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയം കൂടിയാണെന്നും അമിത് ഷാ പറഞ്ഞു. കശ്മീരില്‍ സാധാരണ സാഹചര്യം ഉടന്‍ പുനസ്ഥാപിക്കും. അവിടെ ഒന്നിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. 196 പൊലീസ് സ്റ്റേഷനുകളില്‍ എട്ടിടത്ത് മാത്രമാണ് നിരോധനാജ്ഞ നിലവിലുള്ളതെന്നും അമിത് ഷാ പറഞ്ഞു.