ഒഴിവാക്കിയതിന്റെ കാരണം അറിയില്ല; കേന്ദ്ര തീരുമാനം അംഗീകരിക്കുന്നു: കുമ്മനം രാജശേഖരന്‍

Posted on: September 29, 2019 6:49 pm | Last updated: September 30, 2019 at 10:34 am

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. ലോകസഭാതിരഞ്ഞെടുപ്പിലെ പരാജയമാണു കാരണമെന്നു കരുതുന്നില്ല. മുന്‍പും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണു ഞാന്‍. എസ് സുരേഷിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത് എന്ത് കാരണത്താലാണെങ്കിലും അംഗീകരിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തു തന്നെയായാലും അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ സ്വീകരിക്കും. കേന്ദ്രത്തിന്റെ തീരുമാനം യുക്തമാണെന്നും സുരേഷിന്റെ വിജയത്തിനു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയാറാണെന്നും കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു

അതേ സമയം കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകണമെന്നാണു വ്യക്തിപരമായി ആഗ്രഹിച്ചതെന്ന് എസ് സുരേഷ് പറഞ്ഞു. ആറുവര്‍ഷമായി ഒരു സ്ഥാനത്തേക്കും മല്‍സരിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നു ഞായറാഴ്ച രാവിലെ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുമ്മനത്തിനു പകരം വട്ടിയൂര്‍ക്കാവില്‍ സുരേഷിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു.