Connect with us

Ongoing News

സർഗ വസന്തം പെയ്തിറങ്ങി; നാലാമതും മലപ്പുറം ഈസ്റ്റ്

Published

|

Last Updated

ചാവക്കാട്: പുരാതന തുറമുഖ നഗരമായ മുസിരിസിന്റെ പൈതൃക സ്മരണകളുറങ്ങുന്ന മണ്ണിൽ മാപ്പിള കലകൾ സമന്വയിപ്പിച്ച സർഗ വസന്തം പെയ്തിറങ്ങി. രണ്ട് ദിനരാത്രങ്ങളിലായി ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവെച്ച് നടന്ന സാഹിത്യോത്സവിൽ ഇത്തവണയും മലപ്പുറം ഈസ്റ്റ് തന്നെ ഓവറോൾ കിരീടം നിലനിർത്തി. ആദ്യദിനം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ജില്ലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 494 പോയിന്റുമായി മലപ്പുറം ഈസ്റ്റ് ചരിത്ര വിജയം ആവർത്തിച്ചത്. കോഴിക്കോട് ജില്ല 480 പോയിന്റ് നേടിയപ്പോൾ മലപ്പുറം വെസ്റ്റ് 451 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം ദിനം തുടങ്ങിയതോടെ മലപ്പുറം വെസ്റ്റ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെങ്കിലും അവസാന നിമിഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോട് രണ്ടാമതെത്തിയത്. തൃശൂർ ജില്ലയിൽ നിന്നുള്ള ഇ എസ് അശ്കർ സാഹിത്യോത്സവ് കലാപ്രതിഭയായി. കാസർകോട് ജില്ലയിലെ ഹസൻ സർഗ പ്രതിഭയായി. ക്യാമ്പസ് വിഭാഗത്തിൽ നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളജ് ജേതാക്കളായി. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള ആയിരത്തോളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ട് ദിനങ്ങളിലായി ആറ് വിഭാഗങ്ങളിൽ നൂറിലേറെ ഇനങ്ങളായായിരുന്നു മത്സരം.

മറ്റു ജില്ലകളുടെ പോയിന്റ് നില: കണ്ണൂർ- 320, പാലക്കാട് 284, തൃശൂർ-246, കാസർകോട്-205, വയനാട്-177, നീലഗിരി-170, കൊല്ലം-157, എറണാകുളം-102, തിരുവനന്തപുരം-77, ആലപ്പുഴ-67, പത്തനംതിട്ട-36, കോട്ടയം-36, ഇടുക്കി-21.
സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. താഴപ്ര മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ പ്രാർഥനയോടെയായിരുന്നു തുടക്കം. സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രഭാഷണം നടത്തി. ടി എൻ പ്രതാപൻ എം പി, കെ വി അബ്ദുൽ ഖാദർ എം എൽ എ, സി കെ റാഷിദ് ബുഖാരി പ്രസംഗിച്ചു.

ചടങ്ങിൽ ഐ പി ബിയുടെ വിവിധ പുസ്തകങ്ങൾ ഡോ. കരീം വെങ്കിടങ്ങ്,സയ്യിദ് ഖലീൽ ബുഖാരി, മൂസ ഹാജി ഫാത്തിമ എന്നിവർക്കും രിസാല കലണ്ടർ സയ്യിദ് പി എം എസ് തങ്ങൾക്കും നൽകി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രകാശനം ചെയ്തു. വിവിധ വിജയികൾക്കുള്ള സമ്മാന ദാനവും കാന്തപുരം നിർവഹിച്ചു.
എൻ കെ അക്ബർ, ഐ എം കെ ഫൈസി, സയ്യിദ് ഫസൽ ഐദറൂസി, മൂസ ഹാജി ഫാത്തിമ, അബ്ദുൽ മജീദ് കക്കാട്, ഡോ. അബ്ദുൽ സലീം, എം മുഹമ്മദ് സാദിഖ്, ഉസ്മാൻ സഖാഫി തിരുവത്ര, ലൗഷോർ ഹംസ ഹാജി, ഡോ. വി കെ അബ്ദുൽ അസീസ്, കെ വി അബ്ദുൽ ഹമീദ്, ആർ വി അബൂബക്കർ ഹാജി, അഡ്വ. കെ വി മോഹനൻ, പി കെ അബൂബക്കർ ഹാജി, അഡ്വ. ബഷീർ ഒരുമനയൂർ, അബ്ദുർറൗഉഫ് മിസ്ബാഹി സംബന്ധിച്ചു.
സി ആർ കുഞ്ഞുമുഹമ്മദ് സ്വാഗതവും ആർ എ നൗഷാദ് നന്ദിയും പറഞ്ഞു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ അണി നിരത്തി പുസ്തകോത്സവം സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 100 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
ഇരുപത്തി ഏഴാമത് സംസ്ഥാന സാഹിത്യോത്സവ് അടുത്ത വർഷം കണ്ണൂർ ജില്ലയിൽ വെച്ച് നടക്കും.

Latest