സഊദി ഭരണാധികാരിയുടെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു

Posted on: September 29, 2019 3:49 pm | Last updated: September 29, 2019 at 9:54 pm

മക്ക: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഫര്‍ഗാം വെടിയേറ്റു മരിച്ചു. ജിദ്ദയില്‍ വച്ച് സുഹൃത്ത് അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മക്ക പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. സ്ഥലത്തെത്തിയ പോലീസിന് നേരെയും അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇയാളെ പോലീസ് വെടിവച്ചു കൊന്നു.

വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ അസീസ് അല്‍ഫര്‍ഗാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മറ്റ് രണ്ടു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മയ്യിത്ത്് നിസ്‌കാരം ഞായാറാഴ്ച ഇശാ നിസ്‌കാരാനന്തരം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടക്കും. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.