Connect with us

Eranakulam

മരട്: ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിന് നടപടി തുടങ്ങി

Published

|

Last Updated

കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിക്കാനിരിക്കുന്ന മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിന് നടപടികള്‍ തുടങ്ങി. പുനരധിവാസത്തിനുള്ള അപേക്ഷാ ഫോറങ്ങള്‍ മുന്‍സിപ്പല്‍-റവന്യൂ അധികൃതരെത്തി വിതരണം ചെയ്തു. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലെ താമസക്കാര്‍ക്കാണ് ആദ്യം അപേക്ഷാ ഫോറങ്ങള്‍ നല്‍കിയത്. കുറച്ചു സമയം ആശങ്ക പ്രകടിപ്പിച്ച ശേഷം താമസക്കാര്‍ അപേക്ഷ പൂരിപ്പിച്ചു നല്‍കി. ഈ ഫ്‌ളാറ്റിലെ ചിലര്‍ ശനിയാഴ്ച തന്നെ ഒഴിഞ്ഞുപോയിരുന്നു. കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ ചിലരും ഒഴിഞ്ഞുപോയിട്ടുണ്ട്. അതേസമയം, ഹോളിഫെയ്ത്ത് എച്ച് ടു ഒ, ജയിന്‍ ഹൗസിംഗ് എന്നി ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ആരും ഒഴിയാന്‍ തയാറായിട്ടില്ല.

ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലിഫ്റ്റ് ഉള്‍പ്പടെയുള്ള ചില സൗകര്യങ്ങള്‍ക്കായി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നല്‍കുന്നത് പരിഗണിക്കാമെന്ന് സബ് കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഉടമകളെ നേരില്‍ കണ്ടാണ് ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെടുക. കൂടുതല്‍ സമയം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പരിഗണിക്കും. എന്നാല്‍, ഒക്ടോബര്‍ മൂന്നിനു മുമ്പ് എല്ലാവരും ഫ്‌ളാറ്റ് ഒഴിഞ്ഞിരിക്കണം.

Latest