Connect with us

National

പ്രളയം: ബീഹാറില്‍ മലയാളികളുള്‍പ്പടെ നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി

Published

|

Last Updated

ബീഹാര്‍: പ്രളയ ബാധിതമായ ബീഹാറിലെ പാറ്റ്‌നയില്‍ നിരവധി മലയാളികള്‍ കെട്ടിടത്തില്‍ കുടുങ്ങിയ നിലയില്‍. രാജേന്ദ്ര നഗര്‍ പ്രദേശത്തെ കെട്ടിടത്തിലാണ് ആശുപത്രി ജീവനക്കാരായ മലയാളികള്‍ കുടുങ്ങിയത്. ആശുപത്രി അധികൃതര്‍ നല്‍കിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പൂര്‍ണമായി വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും ഭക്ഷണ സാധനങ്ങള്‍ എല്ലാം തീര്‍ന്നിട്ടുണ്ടെന്നും കെട്ടിടത്തില്‍ കുടുങ്ങിയവരിലൊരാള്‍ അറിയിച്ചു. വെള്ളവും വൈദ്യുതിയുമൊന്നും ഇല്ലാത്ത സ്ഥിതിയാണ്.

അതിനിടെ, സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ സമ്പത്ത് രാജേന്ദ്ര നഗര്‍ ഉള്‍പ്പെടുന്ന ജില്ലയിലെ കലക്ടറുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കെട്ടിടത്തില്‍ കുടുങ്ങിയ മലയാളികളുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തകരെ പ്രദേശത്തേക്ക് അടിയന്തരമായി അയക്കണമെന്ന് സമ്പത്ത് കലക്ടറോട് ആവശ്യപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പാറ്റ്‌നയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

Latest