കഞ്ഞിക്കുഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു

Posted on: September 29, 2019 12:10 pm | Last updated: September 29, 2019 at 7:05 pm

മാരാരിക്കുളം: കഞ്ഞിക്കുഴി ദേശീയ പാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ പൂന്തോപ്പ് മുരിക്കുംപുഴയില്‍ ഷിജു വര്‍ഗീസ് (26) ആണ് മരിച്ചവരിലൊരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ പൂന്തോപ്പ് പുതുക്കരശ്ശേരി അഖില്‍ (22) നെ ചേര്‍ത്തല കെ വി എം ആശുപത്രിയിലും പുന്നപ്ര പുതുവല്‍ സുനാമി കോളിനിയിലെ ഖാലിദിന്റെ മകന്‍ നാസറിനെ (56) വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി ഒമ്പതിനാണ് അപകടമുണ്ടായത്. വെള്ളവുമായി ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന മത്സ്യലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇതിനിടയിലേക്ക് ഒരു ചരക്കു ലോറിയും പാഞ്ഞുകയറി. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന മിനി ലോറിയും മത്സ്യ ലോറിയും വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.