പാര്‍ട്ടി പറഞ്ഞാല്‍ തയാര്‍; വട്ടിയൂര്‍ക്കാവില്‍ നിലപാട് മാറ്റി കുമ്മനം

Posted on: September 29, 2019 10:27 am | Last updated: September 29, 2019 at 1:07 pm

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവ് ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബി ജെ പി നേതാവ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കുമ്മനം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ഥി പട്ടികയാണ് ബി ജെ പി സംസ്ഥാന നേതൃത്വം കേന്ദ്ര ഘടകത്തിന് അയച്ചു കൊടുത്തിരുന്നത്.

സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദേശിച്ചത് എന്നതുകൊണ്ടു തന്നെ അത് അംഗീകരിക്കും. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബി ജെ പിക്ക് പൂര്‍ണ വിജയ പ്രതീക്ഷയാണുള്ളത്. മണ്ഡലത്തില്‍ കുമ്മനം തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ശനിയാഴ്ച പറഞ്ഞിരുന്നു. കുമ്മനം മത്സരിക്കാമെന്ന് സമ്മതിച്ചതായും അദ്ദേഹം ഞായറാഴ്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും രാജഗോപാല്‍ അറിയിച്ചു.