Connect with us

Ongoing News

വൈവിധ്യം വിളിച്ചോതി സാഹിത്യോത്സവ്‌ വേദികള്‍

Published

|

Last Updated

ചാവക്കാട്: എസ് എസ് എഫ് 26ാമത് സംസ്ഥാന സാഹിത്യോത്സവിന് വേണ്ടി ചാവക്കാട് സംവിധാനിച്ച വേദികള്‍ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. പഴമയും പുതുമയും ഇടകലര്‍ത്തി സമൂഹത്തെ ധര്‍മത്തിന്റെ പാതയില്‍ പിടിച്ചുനിര്‍ത്തുന്ന ഇതിവൃത്തമാണ് വേദികളില്‍ ദൃശ്യാവിഷ്‌കരിച്ചിട്ടുള്ളത്. പ്രധാന വേദിയില്‍ സ്‌നേഹത്തിന്റെ മാതൃകയായ താജ്മഹലും കടലില്‍ ആടിയുലയുന്ന കപ്പലും അറബനയും ചുവപ്പു പരവതാനിയും വലിയ സന്ദേശം വിളിച്ചോതുന്നു. ഇലിയാദ് എന്ന് പേരിട്ടിരിക്കുന്ന വേദി രണ്ടില്‍ പ്രകൃതിയുടെ പച്ചപ്പ് ഒപ്പിയെടുത്ത ദൃശ്യങ്ങളാണുള്ളത്. മലയും താഴ്‌വരയും പൂക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെയും സന്തോഷത്തിന്റെ കാഴ്ചകള്‍. ബല്ലാദ് എന്ന് പേരിട്ടിരിക്കുന്ന വേദി മൂന്നില്‍ പായക്കപ്പലും പീരങ്കിയും ജയിലും കാളവണ്ടിയും അധിനിവേശത്തെയും അതിനെതിരെയുണ്ടായ അതിരുകളില്ലാത്ത ചെറുത്തുനില്‍പ്പും സൂചിപ്പിക്കുന്നു. സാഗാ എന്നു പേരിട്ട വേദി നാലില്‍ ആവിഷ്‌കരിച്ച ചാവക്കാട് ബീച്ചിന്റെ മനോഹാരിത ഏവരെയും ആകര്‍ഷിക്കുന്നു. ഒരു ജനതയുടെ ജീവിത മാര്‍ഗവും മറ്റൊരു ജനതക്ക് ഉല്ലാസ മാര്‍ഗവുമായ ബീച്ചുകള്‍ ഒരു നാഗരികത തന്നെ സൃഷ്ടിച്ചെടുക്കുന്നതാണ് ഇവിടുത്തെ ഇതിവൃത്തം.

Latest