നാലിനങ്ങളിലും ഒന്നാം സ്ഥാനം: അശ്കർ ഇത്തവണയും കലാപ്രതിഭ

Posted on: September 29, 2019 6:39 pm | Last updated: September 30, 2019 at 1:50 pm

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ കലാപ്രതിഭ ഇത്തവണയും തൃശൂരിൽ നിന്നുള്ള അശ്കർ ഇ എസ് തന്നെ. മത്സരിച്ച നാലിനങ്ങളിലും ഒന്നാമതെത്തിയാണ് തുടർച്ചയായ രണ്ടാം തവണയും ഈ നേട്ടം കൈവരിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗം  അറബി ഗാനം, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ അശ്കറിന് ഭക്തിഗാന മത്സരത്തിൽ എ പ്ലസ് ഗ്രേഡ് നേടി.

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഞ്ചിനങ്ങളില്‍ എ ഗ്രേഡ് നേടിയിരുന്നു. എട്ട് വര്‍ഷമായി എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് വേദികളിലെ നിറ സാന്നിധ്യമാണ് അശ്കര്‍. മദ്ഹ് ഗാന മത്സരം, ഭക്തി ഗാന മത്സരം, അറബി ഗാന മത്സരം, മാപ്പിളപ്പാട്ട് മത്സരം തുടങ്ങി നാല് ഇനങ്ങളിലാണ് ജില്ലയില്‍ നിന്ന് സംസ്ഥാന തലത്തിലേക്ക് അശ്കര്‍ യോഗ്യത നേടിയത്. കഴിഞ്ഞ തവണ സെക്ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ കലാപ്രതിഭയായി തിരഞ്ഞെടുത്തിരുന്നു. ആറ് തവണ നാല് ഇനങ്ങളിലും രണ്ട് തവണ രണ്ടിനങ്ങളിലുമാണ് അശ്കര്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫൈസല്‍ ചങ്ങരംകുളം ചിട്ടപ്പെടുത്തിയ വരികളാണ് വര്‍ഷങ്ങളായി സംസ്ഥാന സാഹിത്യോത്സവ് വേദികളില്‍ ആലപിക്കാറുള്ളത്. കഴിഞ്ഞ തവണയും സംസ്ഥാന സാഹിത്യോത്സവില്‍ രണ്ട് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും രണ്ട് ഇനങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. അശ്കറിന്റെ സഹോദരന്‍ അജ്മലും സംസ്ഥാന സാഹിത്യോത്സവ് വേദികളിലെ നിറ സാന്നിധ്യമായിരുന്നു. മലപ്പുറം ദാറുല്‍ ഉലൂം സ്‌കൂളിലെ വിദ്യാര്‍ഥിയായ അശ്കര്‍ തെക്കേക്കാട് ഇടിയാട്ടയില്‍ ശബീര്‍- ജമീല ദമ്പതികളുടെ മകനാണ്.