Connect with us

Ongoing News

ഉമര്‍ ഖാസിയുടെ രചനകള്‍ നിരന്തരം വായിക്കപ്പെടണം : പ്രൊഫ. എ പി അബ്ദുല്‍ വഹാബ്

Published

|

Last Updated

ചാവക്കാട്: സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സജീവമായ ഫാഷിസ്റ്റ് കാലത്ത് പ്രതിരോധം തീര്‍ക്കുന്നവയാണ് ഉമര്‍ ഖാസിയുടെ രചനകളെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച “ഉമര്‍ ഖാസി: രചനയും സമരവും” പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമര്‍ ഖാസിയെ കുറിച്ചുള്ള പഠനങ്ങള്‍ അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നികുതി നിഷേധത്തിന്റെ വക്താവ് എന്ന നിലയിലാണ് ഉമര്‍ ഖാസി പൊതുസമൂഹത്തില്‍ വായിക്കപ്പെടുന്നത്. കാലഘട്ടത്തിന്റെ നിയോഗമേറ്റെടുത്ത് സാമ്രാജ്യത്വത്തിനെതിരെ ജനകീയ സമരമുഖം തുറന്ന് പോരാടിയ ധീര വിപ്ലവകാരിയായിരുന്നു ഉമര്‍ഖാസി. മമ്പുറം സയ്യിദലവി തങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. ആധ്യാത്മികതയും സര്‍ഗാത്മകതയും സമരോത്സുകതയും ജീവിത തപസ്യയാക്കിയ പ്രതിഭാശാലി ആയിരുന്നു ഉമര്‍ ഖാസിയെന്നും പ്രൊഫ. അബ്ദുല്‍ വഹാബ് പറഞ്ഞു. ഡോ പി സക്കീര്‍ ഹുസൈന്‍ രചിച്ച “ഉമര്‍ഖാസി ഓഫ് വെളിയങ്കോട്; ദി പോയറ്റ് ആന്‍ഡ് പാട്രിയോട്ട്” എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ നടന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫ. ഡോ. മുജീബുര്‍റഹ്മാന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ശഫീഖ് ബുഖാരി എന്നിവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു.

Latest