വെളിച്ചം കാണുന്നത് 100 പുസ്തകങ്ങള്‍ ചരിത്ര നേട്ടത്തില്‍ ഐ പി ബി

Posted on: September 29, 2019 12:58 am | Last updated: September 29, 2019 at 12:58 am

ചാവക്കാട്: ഒരേ വേദിയില്‍ ഒറ്റയടിക്ക് 100 പുസ്തകങ്ങള്‍ പുറത്തിറക്കി ചരിത്രത്തില്‍ ഇടം നേടുകയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ. കേരളത്തിലെ പ്രസാധന ചരിത്രത്തില്‍ ഒരു പുസ്തക പ്രസാധക സംഘം ഇത്രയധികം പുസ്തകങ്ങള്‍ ഒരുമിച്ച് പുറത്തിറക്കുന്നത് അപൂര്‍വമാണ്. പിഞ്ചു കുട്ടികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ എല്ലാവരെയും സ്പര്‍ശിച്ചു കൊണ്ടാണ് വിവിധ ഭാഷകളിലും വിഷയങ്ങളിലും ഐ പി ബി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. മതം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ കഥ, കവിത, നോവല്‍, പഠനം, കര്‍മശാസ്ത്രം, ഹദീസ്, വിമര്‍ശനം, ബാലസാഹിത്യം, ജീവചരിത്രം, സൂഫീ മാര്‍ഗം, പ്രാചീന ഭാഷാ സാഹിത്യം, പ്രഭാഷണം തുടങ്ങിയ മേഖലകള്‍ സപര്‍ശിച്ചാണ് ഐ പി ബിയുടെ പുതിയ പുസ്തകങ്ങള്‍. കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ കാസിം ഇരിക്കൂര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കെ കെ ജോഷി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ഫാറൂഖ് നഈമി, മുസ്തഫ പി എറയ്ക്കല്‍, മുഹമ്മദ് പാറന്നൂര്‍, മജീദ് അരിയല്ലൂര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവരാണ് ഈ പുതിയ പുസ്തകങ്ങളുടെ രചയിതാക്കള്‍. കമനീയമായ പുറം ചട്ടയോടുകൂടി തയ്യാറാക്കിയ പുതിയ പുസ്തകങ്ങള്‍ക്ക് സാഹിത്യോത്സവ് നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ പുസ്തക മേളയില്‍ പ്രത്യേക ഇടം തന്നെയുണ്ട്. ഇംഗ്ലീഷ്, അറബി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്ന് മൊഴിമാറ്റിയ പുസ്തകങ്ങളും ഈ ഗണത്തില്‍പെടും.

ആംഗലേയ സാഹിത്യത്തിലെ പ്രമുഖനായ ഹര്‍ഷ് മന്ദിറിന്റെ ഗോസ്റ്റ് ഹിസ്റ്ററി, അറബി സാഹിത്യത്തിലെ പ്രമുഖരായ അബ്ദുല്‍ഹകീം മുറാദ്, ശൈഖ് ഉമര്‍ ഹഫീള്, സയ്യിദ് ഹബീബ് അലി ജിഫ്രി തുടങ്ങിയ ലോകപ്രശസ്തരുടെ പരിഭാഷപ്പെടുത്തിയ കൃതികള്‍ സാഹിത്യ കേരളത്തിന്റെ മുഖ്യധാരകളില്‍ ചര്‍ച്ച ചെയ്യപ്പെടും. പഴമയുടെ പൊലിമ പുതു തലമുറക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അന്യം നിന്നുപോകുന്ന പ്രാചീന ഭാഷയായ അറബി മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലെ വ്യത്യസ്ത കൃതികളെ കുറിച്ച് പറഞ്ഞ് പൊതു സമൂഹത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വേരു പാകുകയാണ് ഐ പി ബി. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കീഴില്‍ 1983 നവംബര്‍ മാസത്തിലാണ് ഐ പി ബി പ്രവര്‍ത്തനം ആരംഭിച്ചത്. മജീദ് അരിയല്ലൂര്‍ ആണ് ഇപ്പോള്‍ ഡയറക്ടര്‍. വരും കാലങ്ങളില്‍ ഈ വലിയ പ്രസാധനത്തിലൂടെ പുതുതലമുറ ഈ സാഹിത്യോത്സവ് സ്മരിക്കുമെന്നു തീര്‍ച്ചയാണ്.