നജ്‌റാന്‍ അതിര്‍ത്തിയില്‍ ആക്രമണം; ആയിരക്കണക്കിന് സഊദി സൈനികരെ പിടികൂടിയതായി ഹൂത്തികള്‍

Posted on: September 28, 2019 10:16 pm | Last updated: September 29, 2019 at 9:45 am
സഊദി സൈന്യം (ഫയല്‍)

സന്‍ആ: തെക്കുപടിഞ്ഞാറന്‍ സൗദിയിലെ നജ്‌റാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതായും നിരവധി സൈനിക ഉദ്യോഗസ്ഥരെ പിടികൂടിയതായും ഹൂത്തികള്‍. ആക്രമണത്തില്‍ മൂന്ന് ശത്രു സൈനിക ബ്രിഗേഡുകള്‍ തകര്‍ന്നതായി യെമന്‍ ആസ്ഥാനമായുള്ള വിമതരുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 72 മണിക്കൂര്‍ മുമ്പാണ് നജ്‌റാന്‍ പരിസരത്ത് ആക്രമണം നടത്തിയതെന്നും  ഡ്രോണ്‍, മിസൈല്‍, വ്യോമ പ്രതിരോധ യൂണിറ്റുകള്‍ ഇതിനായി ഉപയോഗിച്ചുവെന്നും വക്താവ് പറഞ്ഞു. നൂറുകണക്കിന് കവചിത വാഹനങ്ങളെയും ആയിരക്കണക്കിന് സഊദി സൈനികരെയും പിടിച്ചെടുത്തതായി ഹൂത്തികളുടെ നേതൃത്വത്തിലുള്ള അല്‍ മസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സൗദി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യെമന്റെ വടക്കന്‍ ഭാഗം നിയന്ത്രിക്കുന്ന ഹൂത്തികള്‍ അടുത്തിടെ സൗദി അറേബ്യയുടെ തെക്കേ അതിര്‍ത്തിയില്‍ തങ്ങളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. സഊദി സ്റ്റേറ്റ് ഓയില്‍ കമ്പനിയായ അരാംകോക്ക് നേരെ സെപ്റ്റംബര്‍ 14 നുണ്ടായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും വിമതര്‍ ഏറ്റെടുത്തിരുന്നു. ആക്രമണം സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ ഉല്‍പാദനം പകുതിയായി കുറച്ചു. ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനവും കുറഞ്ഞു.

2014 ല്‍ യെമന്‍ സര്‍ക്കാരിനെതിരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തോടെയാണ് യെമനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹൂത്തികള്‍ യെമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തതിന്റെ അഞ്ചാം വാര്‍ഷിക സെപ്റ്റംബര്‍ 21ന് ആഘോഷിച്ചിരുന്നു.

പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ സൗദി നേതൃത്വത്തിലുള്ള സഖ്യം 2015 മാര്‍ച്ചില്‍ ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ടു. യമനിലെ സംഘര്‍ഷം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി., ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെന്നാണ് ഐക്യരാഷ്ട്ര സഭ ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൂതികളും എതിര്‍ സഖ്യവും യുദ്ധക്കുറ്റങ്ങളില്‍ കുറ്റക്കാരാണെന്ന് യുഎന്‍ അറിയിച്ചു. സഖ്യം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ സൗദി അറേബ്യയ്‌ക്കെതിരായ മിസൈല്‍, ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് സെപ്റ്റംബര്‍ 20 ന് ഹൂത്തി അധികൃതര്‍ അറിയിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തോട് സഖ്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.