തോല്‍വിയുടെ ഉത്തരവാദി ജോസഫ് മാത്രം; യു ഡി എഫ് അന്വേഷിക്കണം- ജോസ് ടോം

Posted on: September 28, 2019 8:32 pm | Last updated: September 29, 2019 at 10:29 am

പാലാ: തന്റെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദി പി ജെ ജോസഫാണെന്ന് ജോസ് ടോം പുലിക്കുന്നേല്‍. ജോസഫിന്റെ അജന്‍ഡക്ക് അനുസരിച്ചാണ് പാലായില്‍ കാര്യങ്ങള്‍ നീങ്ങിയത്. ജോസഫിനോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ചിഹ്നം തരാത്തതിനാലാണ് സ്വതന്ത്രനായി മത്സരിച്ചത്. ജോസഫ് വിഭാഗം നേതാക്കളില്‍ പലരും പ്രചാരണത്തിന് എത്തിയില്ല. ഒരു എം എല്‍ എകൂടി ലഭിച്ചാല്‍ ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടിയില്‍ സ്വാധീനം കൂടും. ഇത് ഇല്ലാതാക്കാന്‍ ജോസഫ് തയ്യാറാക്കിയ അജന്‍ഡക്ക് അനുസരിച്ച് കാര്യങ്ങള്‍ പോകുകയായിരുന്നു. ഇക്കാര്യം യു ഡി എഫ് അന്വേഷിക്കണമെന്നും ജോസ് ടോം പറഞ്ഞു.

യു ഡി എഫ് കണ്‍വന്‍ഷനില്‍ ജോസഫിനെ കൂവിയപ്പോള്‍ ജോസ് കെ മാണി പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ താന്‍ പരാജയപ്പെട്ടപ്പോള്‍ പി ജെ ജോസഫ് ചിരിച്ചും സന്തോഷത്തോടെയുമാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. ടോ ജോസ് സഭാവിശ്വാസിയല്ലെന്ന് പറഞ്ഞ് പരത്തിയും പോസ്റ്റര്‍ ഒട്ടിച്ചതും വേറാരുമല്ല. തോല്‍ക്കാനുള്ള എല്ലാ പിന്നണി പ്രവര്‍ത്തികളും ചെയ്തു. എതിര്‍ക്കണമെങ്കില്‍ നേരിട്ടിറങ്ങണമെന്നും ജോസ് ടോം പറഞ്ഞു.