Connect with us

Kerala

പ്രതിഷേധങ്ങളും സമ്മര്‍ദങ്ങളും ഏറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികക്ക് ഹൈക്കമാന്‍ഡ് അംഗീകാരം. ഒരു മണ്ഡലത്തില്‍ ഒരാള്‍ എന്ന നിലയില്‍ കെ പി സി സി നല്‍കിയ ലിസ്റ്റ് അംഗീകരിച്ച ഹൈക്കമാന്‍ഡ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അരൂരില്‍ അഡ്വ. ഷാനിമോള്‍ ഉസ്മാനും, കോന്നിയില്‍ പി മോഹന്‍രാജും, വട്ടിയൂര്‍ക്കാവില്‍ മുന്‍ എം എല്‍ എയും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഡോ. കെ മോഹന്‍കുമാറും എറണാകുളത്ത് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ടി ജെ വിനോദുമാണ് സ്ഥാനാര്‍ഥികള്‍.

അരൂരിലേയും കോന്നിയിലേയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിരവധി എതിര്‍പ്പുകള്‍ പ്രാദേശിക അടിസ്ഥാനത്തിലുണ്ടായെങ്കിലും ഇതെല്ലാം ഹൈക്കമാന്‍ഡും അവഗണിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കാമെന്ന് നേരത്തേ ധാരണയായിരുന്നതാണ്. എന്നാല്‍ മുന്‍ എം എം എല്‍ എ പീതാംബരക്കുറുപ്പിന്റെ പേരിന് പിന്നീട് മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ മണ്ഡലത്തില്‍ കടുത്ത പ്രതിഷേധം ഉയരുകയും എല്‍ ഡി എഫ് മേയര്‍ പ്രശാന്തിനെ കളത്തിലിറക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് മാറിചിന്തിക്കുകയായിരുന്നു. മുന്‍ എം എല്‍ എയായ മോഹന്‍കുമാറിന് മണ്ഡലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അരൂരില്‍ അവസാ നിമിഷമാണ് ഷാനിമോള്‍ ഉസ്മാന് നറുക്ക് വീണത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ സീറ്റായിരുന്നു അരൂര്‍. എം ലിജുവിനെ മത്സരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കോന്നിയുമായി എ, ഐ ഗ്രൂപ്പുകള്‍ സീറ്റ് വെച്ചുമാറുകയായിരുന്നു. ഇതോടെയാണ് ഷാനിമോള്‍ക്ക് അവസരം ലഭിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുന്ന മണ്ഡലമാണ് കോന്നി. എങ്കിലും അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ കടുത്ത് എതിര്‍പ്പ് കാര്യമാക്കാതെ പത്തനംതിട്ട ഡി സി സിയുടെ മുന്‍ പ്രസിഡന്‍ര് മോഹന്‍രാജിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടുകയായിരുന്നു. തന്റെ നോമിനിയായ റോബിന്‍ പീറ്ററിനെ കളത്തിലിറക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കങ്ങളാണ് ഡി സി സി ഭാരവാഹികള്‍ ചേര്‍ന്ന് പൊളിച്ചത്.

സീറ്റിനായുള്ള മുതിര്‍ന്ന നേതാവ് കെ വി തോമസിന്റെ എല്ലാ ശ്രമങ്ങളേയും തഴഞ്ഞാണ് ഡി സി സി പ്രസിഡന്റ് ടി ജെ വിനോദിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത്. സീറ്റിനായി തോമസ് ഡല്‍ഹിയില്‍ ചെന്ന് സോണിയയേും രാഹൂലിനേയും കണ്ടിരുന്നു. എന്നാല്‍ ലക്ഷ്യം കാണാനായില്ല. ഹൈബി ഈഡന്‍ അടക്കമുള്ള എറണാകുളത്തെ നേതാക്കളുടെ എതിര്‍പ്പാണ് കെ വി തോമസിന് വിനയായത്.

Latest