Connect with us

National

മരണത്തിന് ഏതാനും നിമിഷം മുമ്പ് സുഷമ സ്വരാജ് നല്‍കിയ വാഗ്ദാനം മകള്‍ പാലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേക്ക് നല്‍കിയ വാക്ക് പാലിച്ച് മകള്‍. പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷന്‍ ജാദവ് ഉള്‍പ്പെട്ട കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായതിന് ഹരീഷ് സാല്‍വേക്ക് ഫീസായി ഒരു രൂപ നല്‍കുമെന്ന് സുഷമ അറിയിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ടെലിഫോണില്‍ സംസാരിച്ചപ്പോഴായിരന്നു ഈ വാഗ്ദാനം. വെള്ളിയാഴ്ച സാല്‍വേയെ സന്ദര്‍ശിച്ച സുഷമയുടെ മകള്‍ ബന്‍സൂരി ഈ വാഗ്ദാനം പാലിച്ചുവെന്ന് സുഷമയുടെ ഭര്‍ത്താവും മുന്‍ മിസ്സോറാം ഗവര്‍ണറുമായ സ്വരാജ് കൗശല്‍ ട്വീറ്റ് ചെയ്തു.

ജാദവിനെ രക്ഷിക്കാനുള്ള ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളായിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ടേമില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ്. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറിന് വൈകുന്നേരം താന്‍ സുഷമയുമായി നടത്തിയ ഫോണ്‍ സംഭാഷണം ഹരീഷ് സാല്‍വേ പങ്കുവെച്ചിരുന്നു.

തന്നോട് സംസാരിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷവതിയായിരുന്നുവെന്ന് സാല്‍വേ പറയുന്നു. താന്‍ എന്തുകൊണ്ട് അവരെ സന്ദര്‍ശിച്ചില്ലെന്നും തന്നെ സന്ദര്‍ശിച്ച് ഫീസ് വാങ്ങണമെന്നും സുഷമ ആവശ്യപ്പെട്ടതായി സാല്‍വേ പറഞ്ഞിരുന്നു. ഒരു രൂപപോലും തനിക്ക് ഫീസ് ലഭിച്ചിട്ടില്ലെന്ന് സാല്‍വേ അഭിപ്രായപ്പെട്ടത് ചൂണ്ടിക്കാണിച്ച് ജാദവ് കേസില്‍ ഫീസായി ഒരു രൂപ എടുത്ത് വെച്ചിട്ടുണ്ടെന്നും അത് വാങ്ങിക്കാന്‍ വരണമെന്നുമായിരുന്നു സുഷമയുടെ അഭ്യര്‍ഥന.

Latest