സ്ഥാനാര്‍ഥി ധാരണ എത്തിയിട്ടും കോന്നി യു ഡി എഫില്‍ പ്രതിസന്ധി തുടരുന്നു

Posted on: September 28, 2019 5:29 pm | Last updated: September 28, 2019 at 7:20 pm

പത്തനംതിട്ട: കോന്നിയില്‍ പി മോഹന്‍രാജിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും സീറ്റിനെ ചൊല്ലി മണ്ഡലത്തില്‍ ഉടലെടുത്ത തര്‍ക്കം തുടരുന്നു. അടൂര്‍ പ്രകാശ് എം പിയുടെ നോമിനിയായ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററെ ഒഴിവാക്കിയതിലാണ് ഒരു വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നത്. റോബന്‍ പീറ്ററിനായി അടൂര്‍ പ്രകാശ് അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. റോബിനല്ലാതെ മറ്റൊരാള്‍ മത്സരിച്ചാല്‍ വിമതനുണ്ടാകുമെന്നും ഇവര്‍ ഭീഷണി നല്‍കിയിട്ടുണ്ട്. അടൂര്‍ പ്രകാശിന്റെ മൗനാനുവാദത്തോടെയാണ് എല്ലാ നീക്കങ്ങളും.
ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ ഇന്ന് പാര്‍ട്ടി ചര്‍ച്ച നടത്തുന്നത്. മോഹന്‍ രാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തിയുള്ളവരുമായി വൈകീട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച.

കാലങ്ങളായി തന്നെ വിജയിപ്പിച്ച കോന്നിയില്‍ പിന്‍ഗാമിയായി എത്തേണ്ടത് റോബിന്‍ പീറ്ററാണെന്ന അടൂര്‍ പ്രകാശിന്റെ നിര്‍ദ്ദേശത്തെ തള്ളിയാണ് മോഹന്‍ രാജിനെ നേതൃത്വം തിരഞ്ഞെടുത്തത്. അടൂര്‍ പ്രകാശിന്റെ നിര്‍ദ്ദേശത്തെ പത്തനംതിട്ട ഡി സി സി എതിര്‍ക്കുകയായിരുന്നു. ഡി സി സി നേതൃത്വത്തിന് പുറമേ കെ പി സി സി സെക്രട്ടറി പഴകുളം മധുവും അടൂര്‍ പ്രകാശിന്റെ നീക്കങ്ങളെ എതിര്‍ത്തു.

കാര്യങ്ങള്‍ പരസ്യമായ പോരിലേക്ക് നീങ്ങിയതോടെ പരസ്യ പ്രസ്താവന പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിക്കുന്ന അവസ്ഥ വരെയുണ്ടായി. എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അടൂര്‍ പ്രകാശ്.

റോബിന്‍ പീറ്ററിനെ തള്ളിയ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് പറയുമ്പോഴും പാര്‍ട്ടിക്കകത്തെ പ്രാദേശിക എതിര്‍പ്പുകളെ കുറിച്ച് ചര്‍ച്ചക്ക് താത്പര്യം ഇല്ലെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. എങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ എതിര്‍പ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റോബിന്‍ പീറ്ററടക്കമുള്ളവരുമായി പാര്‍ട്ടി ചര്‍ച്ച നടത്തുന്നത്.