Connect with us

National

ജമ്മു കാശ്മീരില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ചു; ഒരു ജവാനും വീരമൃത്യു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രാംബാന്‍ ജില്ലയില്‍ പ്രദേശവാസിയെ ബന്ദിയാക്കിയ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. അഞ്ചുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ ബന്ദിയെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിനിടെ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും രണ്ട് പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഉച്ചക്ക് 12.30ന് ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ രാംബാൻ ജില്ലയിലെ ബട്ടോട്ടിൽ മൂന്ന് തീവ്രവാദികള്‍ പാസഞ്ചര്‍ ബസ് തടയാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യന്‍ സൈനിക വേഷത്തില്‍ എത്തിയ തീവ്രവാദികളെ കണ്ട ബസ് ഡ്രൈവര്‍ ബസ് വേഗത്തില്‍ ഓടിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരന്നു. ഇതോടെ സുരക്ഷാ സേന പ്രദേശം വളഞ്ഞു തിരച്ചില്‍ നടത്തി. ഇതിനിടെ തീവ്രവാദികള്‍ ഒരു വീട്ടില്‍ പ്രവേശിക്കുകയും വീട്ടുകാരനെ ബന്ദിയാക്കുകയും ചെയ്തു. സുരക്ഷാ സേന എത്തിയതോടെ അവര്‍ക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു.

സുരക്ഷാ സേന അതീവ ജാഗ്രതയോടെ നീങ്ങിയതിനാല്‍ ബന്ദിയെ ജീവനനോരെ രക്ഷപ്പെടുത്താനായി. തീവ്രവാദികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ജമ്മു കാശ്മീരില്‍ ഇന്നുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വെടിവച്ചു കൊന്നതായി കരസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്തു.