മരട് ഫളാറ്റ്: സുപ്രീം കോടതി നഷ്ടപരിഹാര സമിതി രൂപവത്കരിച്ചു

Posted on: September 28, 2019 5:07 pm | Last updated: September 28, 2019 at 8:34 pm

കൊച്ചി: മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നഷ്ടപരിഹാര സമിതി രൂപവത്കരിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജി കെ. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് സമിതി രൂപവത്കരിച്ചത്. ഉടമകള്‍ക്ക് നല്‍കേണ്ട അന്തിമ നഷ്ടപരിഹാരം എത്രയെന്ന് ഈ സമിതി നിശ്ചയിക്കുമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ കേസിലെ വിവിധ കക്ഷികളോട് സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാറാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ പേര് സുപ്രീം കോടതിക്ക് കൈമാറിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, സമിതിയില്‍ മൂന്ന് പേര്‍ വേണമെന്ന സര്‍ക്കാറിന്റെ ആവശ്യത്തില്‍ കോടതി തീരുമാനം അറിയിച്ചിട്ടില്ല. നിലവില്‍ സമിതി അധ്യക്ഷനെ കുറിച്ച് മാത്രമാണ് ഉത്തരവില്‍ പറയുന്നത്.

ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ നാളെ ആരംഭിക്കുമെന്നും നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ചീഫ്‌ സെക്രട്ടറി ടോം ജോസ് കോടതിയെ അറിയിച്ചിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.