Connect with us

Articles

മാണിയെ പാടേ മറന്ന് പാലാ

Published

|

Last Updated

1965 മുതല്‍ 54 വര്‍ഷക്കാലം പാലാ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ എം മാണിയെ പാടേ മറന്ന് ജനം. മാണി സാറിന്റെ പൈതൃകം നിലനിര്‍ത്തുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പാര്‍ട്ടി പിളര്‍ത്തിയ ജോസ് കെ മാണിക്ക് കനത്ത പ്രഹരവും ഏല്‍പ്പിച്ചു പാലായിലെ ഫലം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരേയൊരു സീറ്റിലേക്ക് ഒതുങ്ങിയ ഇടതു ജനാധിപത്യ മുന്നണിക്ക് ഇത് വലിയൊരു തിരിച്ചു വരവുമായി. അടുത്ത മാസം നടക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളെ നേരിടാനുള്ള വര്‍ധിച്ച ആത്മവിശ്വാസവും ഇടതു മുന്നണി നേടിയിരിക്കുന്നു.
കേരള കോണ്‍ഗ്രസിനുള്ളില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷവും തുടര്‍ന്നുണ്ടായ പിളര്‍പ്പും അതേ തുടര്‍ന്ന് രണ്ട് പാര്‍ട്ടികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുമൊക്കെയാണ് പാലായില്‍ യു ഡി എഫിന് തിരിച്ചടിയായതെന്ന കാര്യത്തില്‍ സംശയമില്ല തന്നെ. ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന ചിന്ത പോലുമില്ലാതെയായിരുന്നു സ്ഥാനാര്‍ഥിയുടെയും നിലപാടും പ്രവൃത്തിയും. തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയം മറന്നുള്ള നിലപാടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ കടുത്ത പരാജയത്തിലേക്ക് വഴിതെളിയിച്ചുവെന്ന കാര്യം വ്യക്തമാകുക തന്നെ ചെയ്യും.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമാണ് മുതിര്‍ന്ന നേതാവായ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും പ്രചാരണം മുഴുവന്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വലിയ പ്രതീക്ഷയോടെ തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കി. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും പാലായിലെ ഫലമെന്ന് ഇരുവരും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വലിയ വികസന പ്രതീക്ഷയായ കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല മുന്നേറി. സി പി എമ്മിന്റെ കറവപ്പശുവാണെന്ന് ആക്ഷേപിച്ച് അദ്ദേഹം കിഫ്ബിക്ക് മേല്‍ സംശയത്തിന്റെ പുകപടലം സൃഷ്ടിക്കാനൊരുങ്ങി.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പാലായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം അവിടെ തന്നെ നിലയുറപ്പിച്ച് ഇടതു മുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കി. കിഫ്ബിയില്‍ പിടിമുറുക്കി കൊണ്ടു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളൊക്കെയും. വളരെ വ്യക്തമായ ഭാഷയില്‍ തികഞ്ഞ വിശ്വാസ്യതയോടെ തന്നെ അദ്ദേഹം കിഫ്ബിക്കും അതിന്റെ തലവനായ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാമിനും സംരക്ഷണ കവചമൊരുക്കി.

പാലായിലെ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിനുള്ള വിധിയെഴുത്തായിരിക്കുമെന്ന് പറഞ്ഞു വെക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ബഹുദൂരം പിന്നിലാക്കുകയും ബി ജെ പിയെ അപ്രസക്തമാക്കുകയും ചെയ്ത് 19 സീറ്റുകള്‍ കൈയിലൊതുക്കിയ പ്രതിപക്ഷം ആറ് ഉപതിരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതായ പാലായിലെത്തിയത് വലിയ വിജയ പ്രതീക്ഷയോടെ തന്നെ. 1965 മുതല്‍ പാലാ കെ എം മാണിക്കൊപ്പമായിരുന്നുവെന്ന കാര്യം ഈ പ്രതീക്ഷക്ക് കരുത്തേകി. കോട്ടയം ജില്ല തന്നെ കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും തട്ടകമാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലൊക്കെ ജില്ലയില്‍ പ്രത്യേകിച്ച്, പാലായില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷം പതിവായിരുന്നു. പാലായില്‍ കെ എം മാണിയുടെ ഭൂരിപക്ഷം കുറഞ്ഞുവന്നത് കോണ്‍ഗ്രസുകാര്‍ പരസ്യമായും രഹസ്യമായും പാലം വലിച്ചത് കൊണ്ടായിരുന്നു.

പക്ഷേ, ഇത്തവണ പാലായിലെ പ്രചാരണ ചുമതല മുഴുവന്‍ കോണ്‍ഗ്രസേറ്റെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്നില്‍ നിന്ന് തന്നെ പടനയിച്ചു. പക്ഷേ, കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള തര്‍ക്കവും പിണക്കവും തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ല. അവിടെയാണ് കോണ്‍ഗ്രസിനും യു ഡി എഫിനും പരാജയം സംഭവിച്ചത്. രണ്ടായി പിരിഞ്ഞ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കളായ പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും ഒരു മേശക്ക് ചുറ്റുമിരുത്തി ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മുല്ലപ്പള്ളി ഉറക്കെ പ്രഖ്യാപിച്ച “സിക്‌സര്‍” പ്രതീക്ഷ ആദ്യ പടിയില്‍ തന്നെ പൊളിഞ്ഞു.

ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ നഷ്ടം ജോസ് കെ മാണിക്കു തന്നെ. പാലായിലെ ജനങ്ങള്‍ എന്നും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. കൈവിട്ട കളി എത്ര കണ്ട് അധികമായാലും ജനങ്ങള്‍ പൊറുക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ മനക്കണക്ക്. പ്രചാരണത്തിന്റെ തുടക്കം കുറിച്ച് നടന്ന യു ഡി എഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ ജോസിന്റെ അനുയായികള്‍ കൂക്കിവിളിച്ചതും അബദ്ധം പറഞ്ഞതുമൊന്നും പാലാക്കാര്‍ക്ക് രുചിച്ചിട്ടുണ്ടാകില്ല. അതുപോലെ ജോസ് ടോമിന്റെ പല പ്രതികരണങ്ങളും. രണ്ടില ചിഹ്നം വേണ്ട, കെ എം മാണി സാര്‍ മാത്രമാണ് ചിഹ്നം എന്നതായിരുന്നു സ്ഥാനാര്‍ഥിത്വം കിട്ടിയ ഉടനെ അദ്ദേഹം നടത്തിയ കമന്റ്. ഇതും പാലാക്കാര്‍ക്ക് സഹിക്കാന്‍ പോരുന്നതായില്ല. എങ്ങനെയും പി ജെ ജോസഫിനെ കൊച്ചാക്കാനും അപഹസിക്കാനുമുള്ള ശ്രമം ജനങ്ങള്‍ക്കിഷ്ടപ്പെട്ടില്ല തന്നെ. മാണി സാറിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനിറങ്ങിപ്പുറപ്പെട്ട ജോസ് കെ മാണിക്ക് മാണി സാറിന്റെ തട്ടകമായിരുന്ന പാലാ തന്നെ കൈവിട്ടു പോകുന്നതാണ് കാണേണ്ടി വന്നത്. 1965 മുതല്‍ മാണി സ്വന്തമാക്കി വെച്ചിരുന്ന പാലാ ഇതാ മറ്റൊരു മാണിയുടെ കൈയില്‍. ഇടതു മുന്നണിയിലെ എന്‍ സി പി നേതാവ് മാണി സി കാപ്പന് ഇത് ചരിത്ര വിജയം. ഇടതു മുന്നണിക്കാകട്ടെ നിയമ സഭയില്‍ കൈപൊക്കാന്‍ ഒരംഗം കൂടി. മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ടു കുതിക്കാന്‍ പുതിയൊരാവേശവും കൈവന്നിരിക്കുന്നു. മാണി സാറിനെ പാടേ മറന്ന പാലാ കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ഏട് തുറന്നിരിക്കുകയാണ്.

ജേക്കബ് ജോര്‍ജ്

---- facebook comment plugin here -----

Latest