Connect with us

Editorial

പാലാ ഫലം ഓര്‍മിപ്പിക്കുന്നത്

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട എല്‍ ഡി എഫിന് അതീവ ആശ്വാസം പകരുന്നതാണ് പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അര നൂറ്റാണ്ടിന്റെ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തെറിഞ്ഞാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയിച്ചത്. മണ്ഡലം നിലവില്‍ വന്ന 1965 മുതല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ കെ എം മാണി മരിക്കുന്നത് വരെ അദ്ദേഹമായിരുന്നു പാലാ എം എല്‍ എ. 2,934 വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിന് 54,137 വോട്ടുകളും യു ഡി എഫിന് 51,194 വോട്ടുകളും ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 26,533 വോട്ടുകളും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24,821 വോട്ടുകളും ലഭിച്ച ബി ജെ പിക്ക് 18,044 വോട്ടുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്.
മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകള്‍ എല്‍ ഡി എഫ് നേടിയപ്പോള്‍ മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളിലും പാലാ നഗരസഭയിലും മാത്രമാണ് യു ഡി എഫിന് ലീഡ് ലഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാലായില്‍ 33,472 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. അതിനെ മറികടന്നാണ് മാണി സി കാപ്പന്റെ വിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 20,638 വോട്ട് എല്‍ ഡി എഫിന് ഇത്തവണ കൂടുതല്‍ ലഭിച്ചു. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കെ എം മാണിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടതായിരുന്നു മാണി സി കാപ്പന്‍. എങ്കിലും കെ എം മാണിക്കെതിരെ മത്സരിച്ച മൂന്ന് തവണയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാന്‍ കാപ്പനായി. ഉഴവൂര്‍ വിജയനെതിരെ 2001ല്‍ കെ എം മാണിക്ക് 22,301 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 2006ല്‍ മാണി സി കാപ്പന്‍ 7,590 ആയി കുറച്ചു. ഭൂരിപക്ഷത്തിന്റെ വിടവ് 2011ല്‍ 5,259 ആയി വീണ്ടും കുറഞ്ഞു.

ബാര്‍ കോഴ വിവാദം കത്തിനിന്ന 2016ലെ തിരഞ്ഞെടുപ്പില്‍ വെറും 4,703 ആയിരുന്നു മാണിയുടെ ഭൂരിപക്ഷം. അന്ന് കേരള കോണ്‍ഗ്രസിലും യു ഡി എഫിലും ഇത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കുകയും മാണി മുന്നണി വിടുന്നതിലേക്ക് വരെ അതെത്തിക്കുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഇത്തവണയും പാലായെ കൂടെ നിര്‍ത്താനാകുമെന്നായിരുന്നു യു ഡി എഫ് പ്രതീക്ഷ. കണക്കുകളും യു ഡി എഫിനൊപ്പമായിരുന്നു. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഒന്നിച്ചു നിന്നാല്‍ പാലായില്‍ വേറൊരു കക്ഷിക്കോ മുന്നണിക്കോ ജയിക്കാനാകില്ലെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. മാത്രമല്ല, പ്രചാരണ രംഗത്ത് യു ഡി എഫ്, വിശിഷ്യാ കോണ്‍ഗ്രസ് നന്നായി അധ്വാനിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടു ചോദിച്ചിരുന്നു. സി പി എമ്മിന് അത്രമാത്രം സ്വാധീനമില്ലത്ത മണ്ഡലവുമാണിത്. എന്നിട്ടും മണ്ഡലം യു ഡി എഫിനെ കൈയൊഴിഞ്ഞത് കേരള കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ മനം മടുത്തായിരിക്കണം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഇടതു മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു പ്രചാരണ പരിപാടികള്‍ തുടങ്ങിയെങ്കിലും പത്രിക സമര്‍പ്പണം കഴിഞ്ഞിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ചിഹ്നത്തെച്ചൊല്ലി അവസാന ദിവസങ്ങളില്‍ പോലും പാര്‍ട്ടി നേതാക്കള്‍ പരസ്പരം തര്‍ക്കിച്ചു. വോട്ടെടുപ്പ് ദിവസം പോലും പരസ്പരം വിഴുപ്പലക്കല്‍ തുടര്‍ന്നു. ഇടതു മുന്നണിയോടുള്ള ആഭിമുഖ്യത്തിലുപരി കേരള കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള വികാരമാണ് ഫലത്തില്‍ കൂടുതല്‍ നിഴലിച്ചു കാണുന്നത്. ശബരിമല വിഷയത്തില്‍ അടക്കം തെറ്റിനിന്ന സാമുദായിക സംഘടനകളെയും വിശ്വാസികളെയും അടുപ്പിക്കാന്‍ ഇടതു മുന്നണിക്കായതും ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസിന്റെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലം. സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്കുള്ള സ്വാധീനത്തിന് ഇത് ഇടിവ് സൃഷ്ടിക്കുകയും പാര്‍ട്ടിയുടെ വിലപേശല്‍ ശേഷി ചുരുക്കുകയും ചെയ്യും. നേതൃനിരയിലെ ചേരിപ്പോരും പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള ഭിന്നതയും രൂക്ഷമാക്കും. ഇനിയൊരു അനുരഞ്ജനത്തിനുള്ള സാധ്യത വിരളമാണ്. ഇരുവര്‍ക്കും ഇനിയങ്ങോട്ട് രണ്ട് വഴി തന്നെയാകാനാണ് സാധ്യത. മധ്യകേരളത്തിലെ യു ഡി എഫിന്റെ സ്വാധീനത്തെയും ഇത് ബാധിക്കും. മാണി കൂടെയുണ്ടായിരുന്നിട്ടു പോലും ചെങ്ങന്നൂര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായിരുന്നില്ല. ഇന്നത്തെ പോലെ ഇനിയും കേരള കോണ്‍ഗ്രസിനെ യു ഡി എഫ് താങ്ങി നിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യം മുന്നണിക്കുള്ളില്‍ വിശിഷ്യാ, കോണ്‍ഗ്രസില്‍ ഒന്നുകൂടി ശക്തമാകും.

സംസ്ഥാനത്ത് അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എല്‍ ഡി എഫിനെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസം പകരും പാലാ. പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഫലമെന്ന് അവകാശപ്പെടാന്‍ ഇടതു മുന്നണിക്കാകും. തിരഞ്ഞെടുപ്പ് ഫലം ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞതുമാണ്. കഴിഞ്ഞ മെയില്‍ നടന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും എല്‍ ഡി എഫ് മികച്ച വിജയം നേടിയിരുന്നു. കേരളത്തില്‍ കൂടുതല്‍ സ്വാധീനം നേടാനുള്ള ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്. ശബരിമലയും വര്‍ഗീയ അജന്‍ഡകളും മുന്‍നിര്‍ത്തി പ്രചാരണ രംഗത്ത് നിറഞ്ഞു കളിച്ചിട്ടും അഞ്ച് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുണച്ചവരില്‍ എണ്ണായിരത്തിലേറെ പേര്‍ തങ്ങളെ കൈയൊഴിഞ്ഞത് പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് കേരളീയരെ സ്വാധീനിക്കാനാകില്ലെന്ന് ഒരിക്കല്‍ കൂടി പാര്‍ട്ടി നേതൃത്വത്തെ ഓര്‍മപ്പെടുത്തുന്നു പാലാ.

Latest