കലുഷിതമായ നവലോകത്തില്‍ ആത്മീയതയിലേക്ക് മടങ്ങുന്നതാണ് സമാധാന മാര്‍ഗം :ഡോ ഫാറൂഖ് നഈമി

Posted on: September 28, 2019 11:33 am | Last updated: September 28, 2019 at 11:33 am

ചാവക്കാട്: എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന ആത്മീയ സംഗമം പ്രൗഢമായി. വിവിധ ദേശങ്ങളില്‍ നിന്നും നൂറുക്കണക്കിന് ആളുകളാണ് ആത്മീയനുഭൂതിതേടി ചാവക്കാടെത്തിയത്. കലുഷിതമായ പുതിയകാല അന്തരീക്ഷത്തില്‍ ആത്മീയമാര്‍ഗത്തിലേക്ക് മടങ്ങുന്നതാണ് സമാധാനത്തിന്റെ മാര്‍ഗമെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. പി എ ഫാറൂഖ് നഈമി അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയത സകല പ്രതിസന്ധികള്‍ക്കും പരിഹാരമാണ്. ബഹുസ്വരതയും മതേതരത്വവും വിളയിച്ച് ഇന്ത്യ രാജ്യത്ത് നന്മയുടെ വെളിച്ചം പരത്തിയ ആത്മീയ നേതൃത്വത്തന്റെ പ്രവര്‍ത്തനപാതകള്‍ എന്നും മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല ആത്മീയ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഢല്ലൂരിന്‍റെ നേതൃത്വത്തില്‍ ഖസീദത്തുല്‍ ബുര്‍ദ ആസ്വാദനം നടന്നു.സമസ്ത കേന്ദ്ര മുശാവറ അംഗം എെ എം കെ ഫൈസി കല്ലൂര്‍ ,കേരള മുസ്ലീം ജമാഅത്ത് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫസല്‍ അല്‍ എെദറൂസി,എസ് വൈ എസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് പി എച്‌ സിറാജുദ്ദീന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.