Connect with us

Ongoing News

വേദികളുണര്‍ന്നു; സാഹിത്യോത്സവില്‍ ലയിച്ച് ചാവക്കാട്-LIVE

Published

|

Last Updated

ചാവക്കാട്: സര്‍ഗ്ഗ വസന്തത്തിന്റെ നിറങ്ങളൊരുക്കി, ധാര്‍മിക വഴികളില്‍ കലാസാഹിത്യ വൈവിധ്യങ്ങളുടെ മത്സരവീര്യം പകര്‍ന്ന് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ചാവക്കാട് വര്‍ണാഭമായ തുടക്കം. സ്‌റ്റേജിതര മത്സരങ്ങളോടെ ഇന്ന് രാവിലെ ആറരക്കാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. ഹൈകൂള്‍ മദ്ഹ്ഗാനത്തോടെ പത്ത് മണിക്ക് ഒന്നാം വേദിയുമുണര്‍ന്നു.

കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുമായി രണ്ടായിരത്തോളം കലാപ്രതിഭകളാണ് രണ്ടുദിവസത്തെ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. ശനിയാഴ്ച നാളെ വൈകീട്ട് നാലു മണിക്ക് സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഈ വര്‍ഷത്തെ സാഹിത്യോത്സവ് പുരസ്‌കാരം കവി സച്ചിദാനന്ദന് വേദിയില്‍ സമ്മാനിക്കും.
തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് സാഹിത്യോത്സവ് അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിക്കും. ഇരുണ്ട കാലത്തെ പാട്ടുകള്‍ എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രഭാഷണം നിര്‍വഹിക്കും. സാഹിത്യകാരന്മാരായ കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ഇ എന്‍, എംഎല്‍എമാരായ കെ വി അബ്ദുല്‍ഖാദര്‍, മുരളി പെരുനെല്ലി എന്നിവര്‍ സംസാരിക്കും.

ഞായറാഴ്ച്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ടിഎന്‍ പ്രതാപന്‍ എംപി എന്നിവര്‍ സംബന്ധിക്കും.

കേരളത്തിലെയും നീലഗിരിയിലെയും ആറായിരത്തിലധികം യൂണിറ്റുകളില്‍ നിന്ന് മത്സരിച്ച് സെക്ടര്‍, ഡിവിഷന്‍, ജില്ലാ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളാണ് രണ്ടുദിവസത്തെ സാഹിത്യോത്സവില്‍ മാറ്റുരക്കുക. ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. കേരളത്തിലെ കലാലയങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന കാമ്പസ് വിഭാഗം മത്സരങ്ങളും പ്രത്യേകമായുണ്ട്. 110 മത്സരങ്ങള്‍ 11 വേദികളിലാണ് നടക്കുക. പുതിയ കാലത്തിന്റെ സാങ്കേതിക സംവിധാനങ്ങളും ചേരുവകളുമുള്ള മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടും. ഗാനം, പ്രഭാഷണം, കവിതാ രചന, കഥാ രചന, ചിത്ര രചന, ഡിജിറ്റല്‍ ഡിസൈനിങ്, ഡോക്യമെന്ററി നിര്‍മാണം, ന്യൂസ് റീഡിങ് തുടങ്ങി വിവിധ മത്സരങ്ങള്‍ സാഹിത്യോത്സവിന്റെ ഭാഗമാണ്.

നിലനില്‍പ്പു ഭീഷണി നേരിടുന്ന പരമ്പരാഗത കലകളെ ജനകീയമാക്കി നിലനിര്‍ത്താനുള്ള
യത്നത്തിന്റെ ഭാഗമായി മാലപ്പാട്ട്, മൗലിദ്, ഖവാലി, സീറാ പാരായണം തുടങ്ങിയ മത്സരങ്ങളുമുണ്ട്. ദഫ്, അറബന തുടങ്ങിയ ജനകീയ മാപ്പിള കലാരൂപങ്ങളും അരങ്ങേറും.

മത്സരയിനങ്ങള്‍ക്കു പുറമെ വിവിധ സെഷനുകളിലായി പ്രത്യേക ചര്‍ച്ചകളും സംവാദവും ചേര്‍ന്ന സാംസ്‌കാരിക സമ്മേളനവും സാഹിത്യോത്സവിന്റെ അനുബന്ധമായി നടക്കും. നാളെ രാവിലെ പത്തുമുതല്‍ ഞായര്‍ വൈകീട്ട് മൂന്നു മണിവരെയാണ് സാംസ്‌കാരിക പരിപാടികള്‍. എഴുത്തിന്റെ രാഷ്ട്രീയം, മലയാളം മുസ്ലിമിനെ എഴുതിയതും വായിച്ചതും, കുടിയിറക്കപ്പെട്ടവന്റെ രാഷ്ട്രീയം, ഉമര്‍ഖാസി; രചനയും സമരവും, ദളിത്-മുസ്ലിം പാരസ്പര്യം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുക. കെ ഇ എന്‍, എന്‍ പി രാജേന്ദ്രന്‍, കവി വീരാന്‍കുട്ടി, അഡ്വ എ ജയശങ്കര്‍,കെ സി സുബിന്‍ എന്നിവര്‍ “എഴുത്തിന്റെ രാഷ്ട്രീയം” ചര്‍ച്ച ചെയ്യും. കെ പി രാമനുണ്ണി. ടി ഡി രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയുത്തുംകടവ്, അജയ് പി മങ്ങാട്, എന്നിവര്‍ “മലയാളം മുസ്ലിമിനെ എഴുതിയതും വായിച്ചതും” സെഷനില്‍ അഭിപ്രായം പങ്കുവെക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, അഡ്വ. കാളീശ്വരം രാജ്, കെ കെ കൊച്ച്, കാസിം ഇരിക്കൂര്‍, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംസാരിക്കും.

ഇന്നലെ നടന്ന ഐ പി ബി പുസ്തകോത്സവം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ആഴത്തിലുള്ള വായനയാണ് മനുഷ്യ സംസ്‌കാരത്തിന്റെ വലിയ സമ്പത്തെന്ന് മന്ത്രി പറഞ്ഞു . ഐ പി ബി യുടെ പുതിയ നൂറു പുസ്തകങ്ങളുടെ പ്രകാശനം പുസ്തകോത്സവത്തില്‍ നടക്കുന്നുണ്ട് . മുഹമ്മദ് പാറന്നൂര്‍ രചിച്ച പ്രകൃതിയെ കണ്ടും തൊട്ടും എന്ന പുസ്തകം
പ്രകാശനം ചെയ്ത് മന്ത്രി സുനില്‍ കുമാര്‍ പ്രകാശനത്തിന്റെ തുടക്കം കുറിച്ചു.

കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭ്യമാണ് .
ഐ പി ബി ഡയറക്ര് മജീദ് അരിയല്ലൂര്‍, മേനേജര്‍ സലീം അണ്ടോണ എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹീം ജില്ലാ സെക്രട്ടറി ജാഫര്‍ ചേലക്കര സംസാരിച്ചു. നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഹുസൈന്‍ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ആത്മീയ സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി അദ്ധ്യക്ഷത വഹിച്ചു എസ് എഫ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫാറുഖ് നഈമി അല്‍ ബുഖാരി കൊല്ലം ഉദ്ഘാടനം ചെയ്തു . ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ ആത്മീയ്യ പ്രഭാഷണം നടത്തി .ഹാഫിള് സ്വാദിഖ് അലി ഫാള്വിലിയുടെ നേത്യത്വത്തില്‍ ഖസീദത്തുല്‍ ബുര്‍ദ ആസ്വാദനവും ഖവാലിയും നടന്നു.

Latest