പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് പെന്‍ഷന്‍വരെ നല്‍കുന്ന രാജ്യം; ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യ

Posted on: September 28, 2019 9:52 am | Last updated: September 28, 2019 at 12:55 pm

ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. യു.എന്‍ പട്ടികയിലുള്ള 130 ഭീകരര്‍ പാക് മണ്ണിലില്ലെന്ന് ഉറപ്പ് തരാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് സാധിക്കുമോയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മെയ്ത്ര യു എന്‍ പൊതുസഭയില്‍ ചോദിച്ചു. തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാക്കിസ്ഥാന് അര്‍ഹതിയില്ല. ഭീകരര്‍ക്ക് പെന്‍ഷന്‍ വരെ നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍. ഇംറാന്‍ ഖാന്‍ ഭീകരവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും മൈത്ര കുറ്റപ്പെടുത്തിഉസാമ ബിന്‍ലാദനെ വരെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇംറാന്‍ ഖാന്‍. കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും മൈത്ര കൂട്ടിച്ചേര്‍ത്തു.

ജെന്റില്‍മാന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ വിശ്വസിക്കുന്ന ഒരു മുന്‍ ക്രിക്കറ്റര്‍ യു എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗം അപക്വവും അതിര്‍വരമ്പ് ലംഘിക്കുന്നതും ദാറ ആദംഖേലിലെ വിവിധ തോക്കുകളെ അനുസ്മരിപ്പിക്കുന്നതുമാണെന്നും മെയ്ത്ര കുറ്റപ്പെടുത്തി. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ഇംറാന്‍ ആരോപിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീര്‍ തടവിലാണ്. ഏകദേശം 7,000 കുട്ടികളാണ് സൈന്യത്തിന്റെ പിടിയിലുള്ളതെന്നും ഇംറാന്‍ പറഞ്ഞിരുന്നു