പാലായിലെ പരാജയം കൈത്തെറ്റ്; യഥാര്‍ഥ ജനവിധി അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ കാണാം: മുല്ലപ്പള്ളി

Posted on: September 27, 2019 3:51 pm | Last updated: September 27, 2019 at 3:51 pm

തിരുവനന്തപുരം: യുഡിഎഫിന് സംഭവിച്ച കൈത്തെറ്റാണ് പാലായിലെ പരാജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടത് മുന്നണിക്കും സി.പി.എമ്മിനും ഈ വിജയത്തില്‍ ഒരു മേനിയും അവകാശപ്പെടാനില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അവിടെ നിന്നാണ് യഥാര്‍ഥ ജനവധി വരാനിരിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. മൂന്ന് ദിവസം സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാലായില്‍ പ്രചാരണം നടത്തിയത്. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

യുഡിഎഫിന്റെ അടിത്തറയില്‍ ഒരു പ്രശ്‌നവും സംഭവിച്ചിട്ടില്ല. ഘടകകക്ഷികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് കോണ്‍ഗ്രസിന് പരിധിയുണ്ട്. പാലായില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ട് കച്ചവടം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.