മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുക തന്നെ വേണം; താമസക്കാര്‍ക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

Posted on: September 27, 2019 1:53 pm | Last updated: September 27, 2019 at 1:54 pm

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റുകതന്നെ വേണമെന്ന് സുപ്രീം കോടതി. ഫഌറ്റിലെ താമസക്കാര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനുള്ള പണം നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണം.
നഷ്ടപരിഹാരം തീരുമാനിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കണം. നാലാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതി നിര്‍ദേശം. ഒക്‌ടോബര്‍ 25ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ഫ്‌ളാറ്റ് ഉടമകളെ പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സിആര്‍ഇസഡ് മേഖലകളിലെ അനധികൃത നിര്‍മാണവും അതിനു പിന്നാലെ ഉണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. ഫ്‌ലാറ്റുകള്‍ പൊളിച്ചേ മതിയാകൂ.സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ മറ്റാരോടെങ്കിലും പൊളിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. 138 ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിക്കാമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. അതേ സമയം മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒഴിയില്ലെന്ന് ഫഌറ്റ് ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.