Connect with us

Kerala

ചരിത്രം തിരുത്തി; പാലായില്‍ ചെങ്കൊടി പാറി

Published

|

Last Updated

പാലാ: പാലയുടെ മണ്ണില്‍ നിന്നും ആദ്യമായി കെ എം മാണിയല്ലാത്ത, കേരള കോണ്‍ഗ്രസുകാരനല്ലാത്ത ഒരാള്‍ സംസ്ഥാന നിയമസഭയിലേക്ക്. അതും ചെങ്കൊടി തണലില്‍. 2006 മുതല്‍ മാണിയോട് മത്സരിച്ച് തോല്‍ക്കുന്ന മാണി സി കാപ്പന്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉരുക്ക്‌കോട്ട ഉഴുതുമറിച്ച് ഇത്തവണ ചരിത്രം കുറിക്കുകയായിരുന്നു. വിമോചന സമരകാലം മുതല്‍ വലതുപക്ഷ രാഷ്ട്രീയത്തെ മാത്രം നെഞ്ചേറ്റിയ ജനത 54 വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പനായി മാറിചിന്തിക്കുകയായിരുന്നു. അതും എം മാണിയുടെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പിലെന്നത് ശ്രദ്ധേയം.

ത്രസിപ്പിക്കുന്ന പോരാട്ടത്തിന് ഒടുവില്‍ യു ഡി എഫിനായി പോരിനിറങ്ങിയ കേരള കോണ്‍ഗ്രസിലെ ജോസ് ടോം പുലിക്കുന്നേലിനെ 2941 വോട്ടിനാണ് എന്‍ സി പിക്കാരനായ കാപ്പന്‍ മലര്‍ത്തിയടിച്ചത്. മാണി സി കാപ്പന് 54137 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിജോസ് ടോം പുലിക്കുന്നേലിന് 51194 വോട്ടാണ് ലഭിച്ചത്. ബി ജെ പിയുടെ എന്‍ ഹരിക്ക് 18044 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിന് മുകളില്‍ വോട്ടിന്റെ കുറവാണ് ബി ജെ പിക്കുണ്ടായത്.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ തിരിച്ചടി നേരിട്ട എല്‍ ഡി എഫിന്റെ ഒരു ഉയര്‍ത്തെഴുനേല്‍പ്പാണ് പാലായില്‍ കണ്ടത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലുണ്ടായത് ഒരു തത്കാലിക പ്രതിഭാസമാണെന്ന് എല്‍ ഡി എഫിന് ഇതിലൂടെ സമര്‍ഥിക്കാനാകും. ഒപ്പം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന് ഇത് കരുത്ത് പകരും. സ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാകും. ഇതിലെല്ലാം ഉപരി സി പി എം അണികളില്‍ വലിയ ആത്മവിശ്വാസമാകും പാല ഉപതിരഞ്ഞെടുപ്പ് ജയം സമ്മാനിക്കുക.

പരമ്പരാഗാതമായി യു ഡി എഫിനൊപ്പം നിന്ന പഞ്ചായത്തുകളിലെല്ലാം വ്യക്തമായ മുന്നേറ്റം നടത്തിയാണ് കാപ്പന്‍ നേട്ടം കൊയ്തത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ പോലും അദ്ദേഹം പിന്നില്‍ പോയില്ല. ആകെയുള്ള 177 ഭൂത്തുകളില്‍ മഹാഭൂരിപക്ഷവും കാപ്പനൊപ്പം നിന്നു. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് മുന്നിലെത്തി. ഈ പഞ്ചായത്തുകളെല്ലാം നിലവില്‍ യു ഡി എഫ് ഭരിക്കുന്നതാണ്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് വ്യക്തമായ ലീഡ് നല്‍കിയിരുന്ന പഞ്ചായത്തുകളായിരുന്നു ഇത്. മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ പഞ്ചായത്തുകളിലും പാല നഗരസഭയിലും മാത്രമാണ് യു ഡി എഫിന് പിടിച്ചുനില്‍ക്കാനായത്.

54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് പാലാക്ക് മോചനം എന്നാണ് തിരഞ്ഞെടുപ്പ് വിജയത്തോട് മാണി സി കാപ്പന്‍ പ്രതികരിച്ചത്. പാലായില്‍ ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു.