ജോസഫിന്റെ പ്രതികാരം; പാര്‍ട്ടിയിലും മുന്നണിയിലും ദുര്‍ബലനായി ജോസ്

Posted on: September 27, 2019 11:08 am | Last updated: September 27, 2019 at 2:28 pm

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നില്‍ നിര്‍ണായകമായത് കേരള കോണ്‍ഗ്രസിലെ തമ്മിലടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് മുമ്പ് തന്നെ പാര്‍ട്ടി ചെയര്‍മാനെ ചൊല്ലി പി ജെ ജോസഫും ജോസ് കെ മാണി വിഭാഗവും പോര് തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടി ചിഹ്നവും മറ്റും പറഞ്ഞ് ഇത് വളര്‍ന്നു. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാതിരിക്കാന്‍ പി ജെ ജോസഫ് റിബലിനെ കളത്തിലിറക്കി. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ആര്‍ക്കും നല്‍കിയില്ല. ചിഹ്നത്തിന്‍രെ കാര്യത്തില്‍ തീരുമാനമായതോടെ റിബലിനെ പിന്‍വലിപ്പിച്ച് ജോസഫ് ആദ്യ വിജയം കുറിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം നടന്ന യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ജോസ് അനുയായികള്‍ പി ജെ ജോസഫിന് കൂവലും തെറിവിളിയുമായാണ് യാത്രയാക്കിയത്. എന്നാല്‍ യു ഡി എഫ് നേതൃത്വം ഇടപെട്ട് താത്കാലിക വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുകയും ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് പറയുന്നത് പോലെ പ്രചാരണ രംഗത്ത് പി ജെ ജോസഫ് വിഭാഗത്തിന്റെ ഒരു നിസ്സംഗത വ്യക്തമായിരുന്നു. വോട്ടെടുപ്പ് ദിവസവും ശത്രുതയുടെ മറനീക്കി പുറത്തുവന്നു. രണ്ടില ചിഹ്നം പ്രശ്‌നമായെന്നും പാര്‍ട്ടിയുടെ പിന്‍തുടര്‍ച്ചാവകാശം ഒരു കടുംബത്തിന് നല്‍കാനാകില്ലെന്നും യു ഡി എഫിന്റെ വിജയം ഉറപ്പിച്ച് പറയാനാകില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് ദിവസത്തെ ജോസ് പക്ഷ നേതാക്കളുടെ പ്രതികരണങ്ങള്‍.
പാര്‍ട്ടി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇതേ സമയം അണിയറയില്‍ ശക്തമായ നീക്കങ്ങളും നടന്നിരുന്നുവെന്നാണ് ഇപ്പോഴത്തെ എല്‍ ഡി എഫ് മുന്നേറ്റം സൂചിപ്പിക്കുന്നത്.

പി ജെ ജോസഫ് അനുയായികളുടെ വോട്ട് തനിക്ക് ലഭിക്കുമെന്ന് ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പരസ്യമായി പറഞ്ഞിരുന്നു. പലയിടത്തും പ്രാദേശിക നേതാക്കള്‍ പ്രചാരണ രംഗത്ത് മാറിനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചാല്‍ യു ഡി എഫിന്റെ വോട്ട് ചോര്‍ച്ചക്ക് പിന്നില്‍ കൃത്യമായ നീക്കങ്ങള്‍ നടന്നുവെന്ന് വ്യക്തമാണ്. മാത്രമല്ല ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനോട് വലിയ ശത്രുതയുള്ള എന്‍ ഡി എ നേതാക്കളായ പി സി ജോര്‍ജ്, പി സി തോമസ് എന്നിവരെല്ലാം കാപ്പന് വേണ്ടി ചരടുവലിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഫലം പുറത്തുവന്നപ്പോള്‍ നേതാക്കള്‍ നടത്തിയ പ്രതികരണവും പി ജെ ജോസഫിനും ജോസ് കെ മാണിക്കും ഇടയിലെ ശത്രുത എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. കള്ളന്‍ കപ്പലില്‍ തന്നെയെന്നാണ് പി ജെ ജോസഫിന്റെ പേര് പറയാതെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രതികരണം. പാരവെക്കാന്‍ കഴിയുന്ന രൂപത്തിലെല്ലാം മുന്നണിയില്‍ നിന്ന് ഒരു വിഭാഗം ചെയ്‌തെന്ന് തോമസ് ചാഴിക്കാടന്‍ എം പി പറഞ്ഞു. എന്നാല്‍ ജോസിന്റെ കുറച്ച് വോട്ടുകള്‍ എല്‍ ഡി എഫിന് മറിഞ്ഞെന്നായിരുന്നു പി ജെ ജോസഫ് ഇതിന് നല്‍കിയ മറുപടി. ജോസഫും ജോസും തമ്മിലുള്ള അടിക്ക് മരുന്നിടുന്ന രൂപത്തിലായിയിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ജോസിനോടുള്ള ചിലരുടെ വിരോധമാണ് തനിക്ക് വോട്ടായി മാറിയതെന്നും മാണി സി കാപ്പന്‍ പറഞ്ഞത്.

കെ എം മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ക്കെല്ലാമുള്ള ഒരു തിരിച്ചടിയായാണ് ഇത് വരും നാളുകളില്‍ വിലയിരുത്തപ്പെടുക. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി സിറ്റിംഗ് സീറ്റില്‍ ചരിത്ര തോല്‍വി ഏറ്റുവാങ്ങിയത് ജോസ് കെ മാണിക്ക വലിയ കളങ്കമാകും. പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും അദ്ദേഹത്തിന് എതിരായി വിരലുകള്‍ കൂടുതല്‍ ഉയരും. കേരള കോണ്‍ഗ്രസിന്റെ ഭാവി ഇനി പി ജെ ജോസഫിന്റെ കൈകളില്‍ ഭദ്രമാകും. മുന്നണിക്കുള്ളില്‍ ജോസ് കെ മാണി വിഭാഗത്തിന് ഭീഷണി ഉയരും. പാര്‍ട്ടിയിലെ പടല പിണക്കും പരിഹരിച്ച് ഇനി ഒരു ഒത്തുതീര്‍പ്പ് ജോസഫ്- ജോസ് പക്ഷങ്ങള്‍ക്കിടയിലുണ്ടാകില്ല. കേരള കോണ്‍ഗ്രസ് അനിവാര്യമായ ഒരു പിളര്‍പ്പിലേക്ക് പോകും എന്ന കാര്യം ഉറപ്പ്.