Connect with us

National

ചിന്മയാനന്ദിനെതിരായ ബലാത്സംഗക്കേസ്: ജയിലിലായ ഇരയെ ബൃന്ദയും സുഭാഷിണി അലിയും സന്ദര്‍ശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി നേതാവ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതായി ആരോപിച്ച പെണ്‍കുട്ടിയെ ധനാപഹരണ കേസില്‍ പെടുത്തി ജയിലിലാക്കിയ നടപടിയെ അപലപിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുഭാഷിണി അലിയും. പെണ്‍കുട്ടിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ബലാത്സംഗക്കാരെ സംരക്ഷിക്കുന്ന നയമാണ് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ താത്പര്യത്തിന് വിധേയമായാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.

പെണ്‍കുട്ടിക്ക് മേല്‍ ചുമത്തിയ കള്ളക്കേസ് ഉടന്‍ പിന്‍വലിക്കണമെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. ചിന്മയാനന്ദ് സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയാണ്. പെണ്‍കുട്ടിയാണെങ്കില്‍ സാധാരണ കുടുംബത്തിലെ അംഗവും. ഇരു നേതാക്കളുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രത്യേകാന്വേഷണ സംഘം മേധാവി നവീന്‍ അറോറക്ക് നിവേദനം നല്‍കി. വീഡിയോ ക്ലിപ്പ് തയാറാക്കുന്നതിന് പെണ്‍കുട്ടി ഉപയോഗിച്ച കാമറ ഘടിപ്പിച്ച കണ്ണട ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മോഷണം പോയത് കേസില്‍ സുപ്രധാന തെളിവായി സ്വീകരിക്കാവുന്നതാണെന്ന് നിവേദനത്തില്‍ പറഞ്ഞു.

ചിന്മയാനന്ദക്കെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച പെണ്‍കുട്ടിയെ ധനാപഹരണ കേസില്‍ പെടുത്തി കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഇരക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു.

Latest