ക്യാൻസറിനു കാരണം; റാനിറ്റിഡിൻ മരുന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചു

Posted on: September 26, 2019 11:01 pm | Last updated: September 26, 2019 at 11:10 pm

ന്യൂഡൽഹി: നെഞ്ചെരിച്ചിലിനും ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങൾക്കും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന റാനിറ്റിഡിനിൽ ക്യാൻസറിന് കാരണമാകുന്ന ഘടകം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഈ മരുന്ന് തിരിച്ചുവിളിക്കുന്നതായി ബ്രിട്ടീഷ് മരുന്ന് നിർമാതാക്കളായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ. ഫാർമ കമ്പനികളോട് കാർസിനോജൻ ഉൽ‌പ്പന്നങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്.മുൻകരുതൽ നടപടിയെന്ന നിലയിൽ, സിനെറ്റക് ടാബ്‌ലെറ്റുകളുടെ 150, 300 മില്ലിഗ്രാം വകഭേദം സ്വമേധയാ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി ജി‌എസ്‌കെ അറിയിച്ചു.

ഈ മാസമാദ്യം, യു എസ് എഫ്ഡി‌എ ചില റാണിറ്റിഡിൻ മരുന്നുകളിൽ എൻ‌ഡി‌എം‌എ അല്ലെങ്കിൽ എൻ-നൈറ്റോസോഡിമെഥൈലാമൈൻ എന്ന കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകം കണ്ടെത്തിയിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള സരക ലബോറട്ടറീസ്, മറ്റൊരു വിതരണക്കാരായ എസ്എംഎസ് ലൈഫ് സയൻസസ് ഇന്ത്യ ലിമിറ്റഡ് എന്നിവയിൽ നിന്നുള്ള എപിഐ ഉപയോഗിച്ചാണ് ജിഎസ്‌കെ സിനെറ്റക് നിർമിക്കുന്നത്. റാണിറ്റിഡിൻ ഉൽ‌പന്നങ്ങളിൽ ജെനോടോക്സിക് നൈട്രോസാമൈൻ എൻ‌ഡി‌എം‌എ കണ്ടെത്തുന്നത് സംബന്ധിച്ച് ജി‌എസ്‌കെയെ ഇന്ത്യൻ മരുന്ന് നിയന്ത്രണ അതോറിറ്റി ബന്ധപ്പെട്ടിരുന്നു.

തുടർന്ന് ലഭിച്ച വിവരങ്ങളുടെയും റെഗുലേറ്ററി അധികാരികളുമായുള്ള കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, ഇന്ത്യയുൾപ്പെടെ എല്ലാ വിപണികളിലേയും റാണിറ്റിഡിൻ ഹൈഡ്രോക്ലോറൈഡ് ഉൽ‌പന്നങ്ങളുടെ എല്ലാ ഡോസ് ഫോമുകളുടെയും വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജി‌എസ്‌കെ തീരുമാനിക്കുകയായിരുന്നു. അതേ സമയം എസ്എംഎസ് ലൈഫ് സയൻസസിൽ നിന്നുള്ള എപിഐ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നം ഈ സമയത്ത് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കില്ലെന്ന് വക്താവ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും,പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ അത്തരം ഉൽപ്പന്നങ്ങളെല്ലാം തത്കാലം വിപണിയിലേക്ക് അയക്കില്ല.

അസിഡിറ്റി നേരിടാൻ സാധാരണയായി നിർദ്ദേശിക്കുന്ന മരുന്നാണ് റാണിറ്റിഡിൻ, ഇത് ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ മാതൃകാ പട്ടികയിലുണ്ട്. ഇന്ത്യയിൽ, ഗാൽക്സോ സ്മിത്ത്ക്ലൈൻ, ജെബി കെമിക്കൽസ്, കാഡില ഫാർമ, സിഡസ് കാഡില, ഡോ. റെഡ്ഡീസ്, സൺ ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ മരുന്നിന്റെ 180 ലധികം പതിപ്പുകൾ വിൽക്കുന്നു.

എ.ഐ.ഒ.സി.ഡി ഫാർമട്രാക്ക് പങ്കിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ റാണിറ്റിഡിൻ ബ്രാൻഡിന്റെ വിപണി വലുപ്പം 688.6 കോടി രൂപയാണ്.