മരട്: അനധികൃതമായി ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരായ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Posted on: September 26, 2019 7:46 pm | Last updated: September 27, 2019 at 8:32 am

കൊച്ചി: മരടില്‍ തീരദേശ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരായ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ജോസി ചെറിയാനാണ് അന്വേഷണ ചുമതല. സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ട ഫ്‌ളാറ്റുകളുടെ നിര്‍മാണ കമ്പനിക്കെതിരെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് ബുധനാഴ്ച ക്രിമിനല്‍ കേസെടുത്തത്.

വഞ്ചന, നിയമലംഘനം മറച്ചുവച്ച് വില്‍പന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മാണ കമ്പനികളുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്.
സിവില്‍, ക്രിമിനല്‍ നടപടി നിയമം 406, 420 വകുപ്പുകള്‍ പ്രകാരം മരട്, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരടിലെ നാല് ഫ്‌ളാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുണ്ട്. പാചകവാതക വിതരണവും ടെലിഫോണ്‍ ബന്ധവും വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കും.