ബഞ്ജാരയുടെ പാഥേയങ്ങൾ

യാത്രാ വിവരണങ്ങളുടെ സാമ്പ്രദായിക രീതികളിൽ നിന്നും വഴിമാറി നടന്നുള്ളൊരു രചനയാണ് സലു അബ്ദുൽ കരീം എന്ന യുവ എഴുത്തുകാരന്റെത്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു യാത്രകളെ ഗൃഹാതുരമായ ഓർമകളുടെയും സൗഹൃദത്തിന്റെയും രസച്ചരടിൽ മനോഹരമായി കോർത്തു കെട്ടി ഗ്രന്ഥകർത്താവ് വ്യത്യസ്തത തീർക്കുന്നു.
അതിഥി വായന - ബഞ്ജാര: സലു അബ്ദുൽ കരീം
Posted on: September 26, 2019 6:46 pm | Last updated: September 26, 2019 at 6:59 pm

സാഹിത്യ ലോകത്ത് എറെ പ്രചാരമുള്ള ഒരു എഴുത്തു സങ്കേതമാണ് സഞ്ചാര സാഹിത്യം. സാഹിത്യത്തിലെ മറ്റിതര സങ്കേതങ്ങൾക്കുള്ളതു പോലെ യാത്രാ വിവരണങ്ങൾക്കും വായനക്കാരുടെ വൻപട തന്നെയുണ്ട്. ഇത്തരം വായനക്കാർ ഇതഃപര്യന്തം പരിചയിച്ചുവന്നത് ചരിത്രം തേടിയുള്ള യാത്രകളോ, സാഹസികത നിറഞ്ഞ യാത്രകളോ ആണ്.
എന്നാൽ യാത്രാ വിവരണങ്ങളുടെ സാമ്പ്രദായിക രീതികളിൽ നിന്നും വഴിമാറി നടന്നുള്ളൊരു രചനയാണ് സലു അബ്ദുൽ കരീം എന്ന യുവ എഴുത്തുകാരന്റേത്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു യാത്രകളെ ഗൃഹാതുരമായ ഓർമകളുടെയും സൗഹൃദത്തിന്റെയും രൂചി വകഭേദങ്ങളുടെയും രസച്ചരടിൽ മനോഹരമായി കോർത്തു കെട്ടി ഗ്രന്ഥകർത്താവ് വ്യത്യസ്തത തീർക്കുന്നു. യാത്രാവിവരണങ്ങളുടെ പതിവു രീതികളോട് രാജിയാകുന്ന ബഞ്ജാര അനിതരസാധാരണമായ കൗതുകവും വായനാനുഭവവുമാണ് പ്രദാനം ചെയ്യുന്നത്. ജീവിതമെന്ന യാത്രയിലെ ആകസ്മികത്വങ്ങളെയും അനിശ്ചിതത്വങ്ങളെയും ഉത്തമോദാഹരണങ്ങളിലൂടെ ഒരു തത്വചിന്തകന്റെ വൈഭവത്തോടെ നിരീക്ഷിച്ചു കൊണ്ടാണ് ബജ്ഞാര വണ്ടിയെടുക്കുന്നത്. പതിനൊന്ന് അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബജ്ഞാരയുടെ പാഥേയങ്ങൾ നാടുനീങ്ങാനിരിക്കുന്നതും അല്ലാത്തതുമായ നിരവധി രുചികളുടെ വകഭേദങ്ങളെയാണ് പ്രധാനമായും ഉന്നം വെക്കുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ ബഞ്ജാര വായിക്കുകയാണെങ്കിൽ ഗ്രന്ഥകർത്താവിന്റെ ഗ്രാമത്തിന്റെയും കൂട്ടുകാരുടെയും ഒരേകദേശ ചിത്രം വായനക്കാരന് ലഭിക്കും. ഓരോ അധ്യായങ്ങളുടെയും തലക്കെട്ടുകളിലെ അസാധാരണത്വവും ബഞ്ജാരയുടെ വഴികളെ ചേതോഹരമാക്കുന്നു. ശർക്കരയും തേടി ചക്രം പായിച്ചവരും കരിമ്പുമീനുകളെത്തേടി പുലർച്ചെ വണ്ടിയെടുത്തവരും അത്തരത്തിലുള്ളവയാണ്. കേരളത്തിലെയും കർണാടകയിലെയും നിരവധി നഗരപ്രാന്തങ്ങളും ഇടക്കൊക്കെ ഗൾഫുമാണ് ബഞ്ജാരയുടെ വീഥികളായി മാറുന്നത്.

ആരെയും ഹഠാദാകർഷിക്കുന്ന കാവ്യാത്മകമായ പ്രതീകവത്കരണങ്ങൾ ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. ബഞ്ജാരയുടെ ഒരു താളും വായനക്കാരന് ഇത്തരം നർമഗർഭങ്ങളായ പ്രതീകവത്കരണങ്ങളില്ലാതെ കാണാനാകില്ല. മഴക്കാലത്ത് തവളകളുടെ സംഗീതത്തിന് ചീവീടുകൾ കോറസിടുന്നതായും ചായയെയും കടിയെയും കാമുകീകാമുകൻമാരായും വിശപ്പിനെ പ്രേതബാധയായും ഭക്ഷണ രുചിയെ ബാധയൊഴിപ്പിക്കാനുള്ള മാന്ത്രിക ഏലസ്സായും പ്രതീകവത്കരിച്ചു കാട്ടുമ്പോൾ വായനക്കാരൻ മുഷിപ്പറിയുന്നതേയല്ല. ഇത്തരം പ്രതീകവത്കരണങ്ങളോടൊപ്പം നർമോക്തി തുളുമ്പുന്ന പ്രയോഗങ്ങളും ന്യൂജെൻ ശൈലികളും പുസ്തകത്തിന്റെ മൊഞ്ചേറ്റുന്നു.

നാടോടി എന്നർഥം വരുന്ന ബഞ്ജാര ഒരു ഉറുദു പദമാണ്. ഹിന്ദിയിലും ഈ വാക്കുപയോഗിക്കാറുണ്ട്. സൂഫി ദർവീശുമാരെ കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. ഗ്രന്ഥകർത്താവ് തന്റെ ജീവിതത്തിലെ നിരവധി ഉൾവിളികൾക്കും തന്നിൽ വേരുറച്ച നിരീക്ഷണങ്ങൾക്കും ഉത്തരം കണ്ടെത്തുന്നതും സാധൂകരണം തേടുന്നതും ഇത്തരം യാത്രകളിലാണ്. ഈയൊരു വസ്തുതയെ ദർവീശുമാരുമായി ചേർത്തു വായിക്കുന്പോൾ ഒരഭേദ്യബന്ധം കാണാം. സഞ്ചാര സാഹിത്യത്തിൽ തന്റേതായൊരു രീതിശാസ്ത്രം കുറിച്ചിട്ട സലുവിന്റെ ബഞ്ജാരയെ വായനക്കാർ ഏറ്റെടുക്കുമെന്ന് തീർച്ച. 80 രൂപ മുഖവിലയുള്ള ബജ്ഞാര ഗ്രീൻ ബുക്‌സ് തൃശ്ശൂരാണ് പ്രസിദ്ധീകരിച്ചത്. വേരുറച്ച നിരീക്ഷണങ്ങൾക്കും ഉത്തരം കണ്ടെത്തുന്നതും സാധൂകരണം തേടുന്നതും ഇത്തരം യാത്രകളിലാണ്. ഈയൊരു വസ്തുതയെ ദർവീശുമാരുമായി ചേർത്തു വായിക്കുന്പോൾ ഒരഭേദ്യബന്ധം

കാണാം. സഞ്ചാര സാഹിത്യത്തിൽ തന്റേതായൊരു രീതിശാസ്ത്രം കുറിച്ചിട്ട സലുവിന്റെ ബഞ്ജാരയെ വായനക്കാർ ഏറ്റെടുക്കുമെന്ന് തീർച്ച. 80 രൂപ മുഖവിലയുള്ള ബജ്ഞാര ഗ്രീൻ ബുക്‌സ് തൃശ്ശൂരാണ് പ്രസിദ്ധീകരിച്ചത്.

കെ സി അമീൻ അശ്‌റഫ്‌
[email protected]