വലൻസിയയിൽ ഉദിച്ച ജ്ഞാനസൂര്യൻ

Posted on: September 26, 2019 6:32 pm | Last updated: September 26, 2019 at 6:32 pm

ഹിജ്‌റ 544 ദുൽഖഅദ് മാസം ആദ്യത്തിൽ ഉൻദുലുസി (സ്‌പെയിൻ) വലൻസിയയിൽ ജനിച്ച മഹാനാണ് ഇബ്‌നു ദിഹ്‌യ (റ). അബ്ദുൽഖത്വാബ് ഉമറുബ്‌നു ഹസനുബ്‌നു അലിയ്യുബ്‌നു മുഹമ്മദുബ്‌നു ഫറജുബ്‌നു ഖലഫ് എന്നാണ് പൂർണനാമം. പിതാവ് വഴി പ്രമുഖ സ്വഹാബിവര്യൻ ദിഹ്‌യതുൽ കൽബി (റ) യിലേക്കും മാതാവ് വഴി അലി (റ) യുടെ മകൻ ഹുസൈനി (റ) ലേക്കും എത്തിച്ചേരുന്നതുകൊണ്ട് ദുന്നസബൈനി എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു.

ഹദീസ് രംഗത്ത് വലിയ അവഗാഹമുണ്ടായിരുന്നു മഹാന്. ജ്ഞാന സമ്പാദനത്തിനായി നടത്തിയ യാത്രകൾ ചരിത്രപ്രധാനമാണ്. പഠനത്തിനായി സ്വന്തം നാടിനു പുറമെ ഇതര രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. സ്‌പെയിനിലെ മുസ്‌ലിം നാടുകളെയായിരുന്നു ആദ്യം ആശ്രയിച്ചിരുന്നത്. പിന്നീട് മൊറോക്കോ, ഈജിപ്ത്, ആഫ്രിക്ക, ഇറാഖ്, സിറിയ തുടങ്ങി വിവിധ രാഷ്ട്രങ്ങളിൽ ജ്ഞാനാന്വേഷകനായി സഞ്ചരിക്കുകയുണ്ടായി. സ്‌പെയിനിൽ നിന്ന് മൊറോക്കോയിലെ മറാകേഷിലേക്ക് യാത്ര തിരിച്ചു. പിന്നീട് പ്രവാചക പാരമ്പര്യത്തെക്കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി ഹിജ്‌റ 590ൽ തൂനിസിലൂടെ യാത്രതിരിച്ച മഹാൻ ആഫ്രിക്ക, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിലേക്കും ഇറാഖിലെ ലെവന്റ്, ബഗ്ദാദ്, എർബിൽ, വാസിത് എന്നീ പ്രദേശങ്ങളിലേക്കും സഞ്ചരിക്കുകയുണ്ടായി. തുടർന്ന് ഗ്രേറ്റർ ഖുറാസാനിലെ ഇസ്ഫഹാൻ, നൈസാബൂർ എന്നിവിടങ്ങളിലേക്കും മഹാൻ എത്തിച്ചേർന്നു. അൽമുഹദ് ഖലീഫത്തിന്റെ ജഡ്ജായിരുന്ന ഇബ്‌നുമായുടെ അടുക്കൽ അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. തന്റെ അധ്യാപകനോട് വലിയ ആദരവും ബഹുമാനവും അദ്ദേഹം കാണിച്ചിരുന്നു. ‘എല്ലാ വ്യാകരണക്കാരുടെയും നേതാവ്’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.

ന്യായാധിപ
സ്ഥാനത്ത്

സ്‌പെയിനിലായിരിക്കെ ഇബ്‌നു ദിഹ്‌യ(റ)യെ ന്യായാധിപസ്ഥാനം അലങ്കരിക്കാൻ അൽമുഹദ് നിർദേശിക്കുകയുണ്ടായി. അതേറ്റെടുത്തെങ്കിലും വളരെ കുറഞ്ഞകാലം മാത്രമേ ന്യായാധിപനായി തുടരാൻ സാധിച്ചുള്ളൂ. ഒരു കുറ്റവാളിയെ അസാധാരണമായ ശിക്ഷക്ക് വിധിച്ചതിന്റെ പേരിൽ പൊതുജനത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് മഹാൻ സ്ഥാനമൊഴിയുകയാണുണ്ടായത്. രാജിവെച്ചൊഴിഞ്ഞ ശേഷം വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞു. രാജ്യത്തിന്റെ മുസ്‌ലിം കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ വിദ്യാഭ്യാസം കരസ്ഥമാക്കി. ക്രിസ്തു വർഷം 1198ൽ തൂനിസിൽ വെച്ച് സ്വഹീഹുൽ മുസ്‌ലിം പഠിച്ച ശേഷം മക്കയിൽ ചെന്ന് ഹജ്ജ് നിർവഹിച്ചു. ശേഷം സിറിയ, ഇറാഖ്, നൈസാബൂർ എന്നിവിടങ്ങളിൽ നിന്ന് ഹദീസിൽ ആഴത്തിലുള്ള പഠനം സാധ്യമാക്കുകയും ഈജിപ്തിലേക്ക് മടങ്ങുകയും ചെയ്തു.

രചനാലോകത്തെ
വിദഗ്ധൻ

ഹദീസ് രംഗത്തെ ഗവേഷണസിദ്ധിയും രചനാലോകത്തെ വൈദഗ്ധ്യവും മഹാന്റെ സവിശേഷതകളാണ്. ഭാഷാ പാണ്ഡിത്യം കൈവശമുള്ള അദ്ദേഹം അറബി വ്യാകരണശാസ്ത്രം, കവിത എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മഹാന്റെ രചനാ വൈദഗ്ധ്യം ബോധ്യപ്പെടുത്തുന്നതാണ് ഹിജ്‌റ 604ൽ തന്റെ യാത്രയിൽ നടന്ന സംഭവം. ഖുറാസാനിലേക്കുള്ള തന്റെ യാത്രക്കിടയിൽ ഇർബൽ പട്ടണത്തിലെത്തിയപ്പോൾ ആ നാട്ടിലെ രാജാവായ മുളഫ്ഫറുബ്‌നു സൈനുദ്ദീൻ (റ) നബി തങ്ങളുടെ മൗലിദ് വളരെ വിപുലമായി കൊണ്ടാടുന്നത് കണ്ടു. ഇതേത്തുടർന്ന് അതിൽ ആകൃഷ്ടരായ മഹാൻ, “അത്തൻവീർ ഫീ മൗലിദി സിറാജുൽ മുനീർ’ എന്ന പേരിൽ ഒരു മൗലിദ് ഗ്രന്ഥം രചിക്കുകയുണ്ടായി. അത് രാജാവിനെ വായിച്ചുകേൾപ്പിക്കുകയും രാജാവ് അദ്ദേഹത്തിന് 1,000 ദിനാർ പാരിതോഷികമായി നൽകുകയും ചെയ്തു.
ഭരണാധികാരി അൽകാമിലിന്റെ അഭ്യർഥന പ്രകാരം മഹാൻ തന്റെ പ്രശസ്ത ഗ്രന്ഥമായ ‘അൽമുത്ത്വരിബ് മിൻ അശ്ആരി അഹ്‌ലിൽ മഗ്‌രിബ്’ രചിക്കുകയുണ്ടായി. മൊറോക്കോയിലെയും ഉൻദുലുസിലെയും കവികളുടെ ജീവചരിത്രം ഹ്രസ്വമായി വിവരിക്കുന്നതാണ് ഈ ഗ്രന്ഥം.

പർവതച്ചെരുവിൽ
വിശ്രമം

ദിഹ്‌യ ബിൻ ഖലീഫ അൽ കൽബി (റ) ഹിജ്‌റ 633 റബീഉൽ അവ്വൽ 14ന് ചൊവ്വാഴ്ചയാണ് ഈ ലോകത്തോട് വിടപറയുന്നത്. കൈറോയിലായിരുന്നു അന്ത്യം. കൈറോക്ക് സമീപത്തുള്ള മൊകട്ടം പർവതനിരയുടെ ചാരത്തായി മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

മുഹമ്മദ് ലുഖ്്മാൻ മേൽമുറി
[email protected]