പൊടിപിടിക്കുന്ന ചരിത്രത്താളുകൾ

കേരളത്തിലെ നവോത്ഥാന നായകരായ മുസ്‌ലിം പണ്ഡിതരുടെ ചരിത്രം കൂടുതലൊന്നും എഴുതപ്പെട്ടിട്ടില്ല. എഴുതിയവ തന്നെ ഇത്തരത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞതായി കാണാം. ഇതിനപ്പുറമായി, മുസ്‌ലിം പണ്ഡിതരുടെ നവോത്ഥാന, വൈജ്ഞാനിക പ്രവർത്തനങ്ങൾക്കുമേൽ പൊടി വാരിയിടുന്ന ഇക്കാലത്ത് അവരുടെ പരിശ്രമങ്ങളും പ്രവർത്തനങ്ങളും യുവ സമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്തൽ അനിവാര്യമാണ്.
ചരിത്രം
Posted on: September 26, 2019 6:28 pm | Last updated: September 26, 2019 at 6:28 pm
നെല്ലിക്കുത്ത് മുഹമ്മദ് മുസ്്ലിയാർ

ചരിത്രാധിപരായ സ്വദേശികളും വിദേശികളും സന്ദേഹമേതുമില്ലാതെ സന്ദർശിച്ചിരുന്നയിടം. ഊഹാപോഹങ്ങൾക്കിട നൽകാതെ ബോധ്യപ്പെട്ടവ മാത്രം രേഖപ്പെടുത്തുന്ന അതുല്യപ്രതിഭ. കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. അതാണ് നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാരെന്ന മഹാമനീഷി. മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതകാലത്ത് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയവരിൽ ഇവിടം സന്ദർശിക്കാത്തവർ വളരെ തുച്ചം.

1932 ഒക്‌ടോബർ 25ന് ഖിലാഫത്ത് സമര നായകൻ അലി മുസ്‌ലിയാരുടെ പൗത്രനായി മഞ്ചേരിക്കടുത്തുള്ള നെല്ലിക്കുത്തിലാണ് മുഹമ്മദ് മുസ്‌ലിയാർ ജനിക്കുന്നത്. വിവിധ ദർസുകളിലെ മതപഠനത്തിന് ശേഷം വിഭിന്നമായ ചരിത്ര ഗവേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ ചരിത്രപര്യവേക്ഷണത്തിലേക്ക് നീക്കിവെച്ച അദ്ദേഹം സന്ദർശിക്കാത്തതായുള്ള ഗ്രന്ഥശാലകൾ കർണാടകയിലും കേരളത്തിലും വളരെ കുറവാണ്. ഭൗതിക ബിരുദം ഒന്നുമില്ലാതിരിന്നിട്ടും ചരിത്രത്തിലെ അധിപരായ മില്ലറെയും ടെയ്‌ലറെയും വരെ അദ്ദേഹത്തിനടുത്തെത്തിക്കുകയുണ്ടായി. പക്ഷേ, ഇത്തരം ചരിത്രകാരൻമാരെയും അവരുടെ ഗ്രാന്ഥങ്ങളെയും വേണ്ട പരിഗണന കൊടുത്തു സംരക്ഷിക്കാൻ നമുക്കാകുന്നില്ലെന്നത് ഖേദകരമാണ്.
നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ എഴുതിയ കേരളീയ പണ്ഡിതൻമാരെ കുറിച്ചുള്ള വിശ്രുത ഗ്രന്ഥമായ “മലയാളത്തിലെ മഹാരഥൻമാർ’ എന്ന പുസ്തകം തേടി പ്രമുഖ ബുക്ക്സ്റ്റാളിൽ കയറിയപ്പോൾ അവസാന കോപ്പികൾ കടയിലെ ജീവനക്കാരൻ പൊടിതട്ടിയെടുത്ത് കുറഞ്ഞ വിലയിൽ നൽകിയ അനുഭവം സുഹൃത്ത് വിവരിക്കുകയുണ്ടായി. ഇങ്ങനെ പൊടിപിടിച്ച് ഇല്ലാതാകുന്നത് എത്രയെത്ര ചരിത്രങ്ങളാണ്.

മുസ്‌ലിം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടക്കക്കാരൻ സൈനുദ്ദീൻ മഖ്ദൂം മുതൽ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ വരെ നീളുന്ന അതികായന്മാരുടെ ബൃഹത്ചരിത്രമാണ് തന്റെ നിതാന്ത പരിശ്രമത്തിലൂടെ അദ്ദേഹം ഈ ഗ്രന്ഥത്തിൽ വരച്ചിടുന്നത്. ശുദ്ധവും ലളിതവുമായ അറബിയിലാണ് മുഹമ്മദ് മുസ്‌ലിയാരുടെ ഗ്രന്ഥരചനകളെങ്കിലും “മലയാളത്തിലെ മഹാരഥൻമാർ’ ആണ് ഏക പ്രസിദ്ധീകൃതമലയാള ഗ്രന്ഥം. കേവലം നാട്യഭാഷകളുടെ പ്രസരണത്തിനപ്പുറം വൈദഗ്ധ്യമായ ഭാഷാ പ്രയോഗം പുസ്തകത്തിന്റെ പ്രത്യേകതയാണ്. ഓരോ പണ്ഡിതന്റെയും ജനനം, കുടുംബം, ഗുരുനാഥർ, രചനകളുടെ വ്യക്തമായ ക്രോഡീകരണവും അവരുടെ ഖബറിടങ്ങളും അവരിൽ രചിക്കപ്പെട്ട മർസിയ്യത്ത് (വിലാപകാവ്യം) കളുടെ സംക്ഷിപ്ത വിവരണവും മഹാൻ വിവരിക്കുന്നുണ്ട്.
വിവരങ്ങൾ നേടിയെടുക്കുന്നതിന് മുഹമ്മദ് മുസ്‌ലിയാർ സഹിച്ച ത്യാഗങ്ങളേറെയാണ്. ഊണും ഉറക്കവുമില്ലാതെ നിരന്തര യാത്രകൾ. ഊഹോപോഹങ്ങളെ ഒരിക്കലും അദ്ദേഹം തന്റെ രചനകൾക്ക് അടിസ്ഥാനമാക്കാറില്ല. ഉദാഹരണത്തിന് ഖാസി മുഹമ്മദിന് ഏതാനും രചനകളുണ്ടെന്ന് അറിയുന്നുണ്ടെന്നും എന്നാൽ തനിക്ക് അതൊന്നും വ്യക്തമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്.

നിരവധി പണ്ഡിതരുടെ ചരിത്രം പറയുന്ന തുഹ്ഫത്തുൽ അഖ്‌യാർ ഫീ താരീഖി മലൈബാർ, സിദ്ദീഖ് (റ) മുതൽ ഉസ്മാനിയ ഖലീഫ വഹീദുദ്ദീൻ വരെയുള്ളവരെ പ്രതിപാദിക്കുന്ന തുഹ്ഫത്തുൽ അഖില്ലാ ഫീ താരീഖി ഖുലഫാഅ്, കേരളത്തിലെ കവികളെയും കവിതകളെയും വിശദീകരിക്കുന്ന അൽ അശ്ആറു വശ്ശുഅറ, എന്നിവ മഹാനവരുടെ കൃതികളിൽ ചിലതാണ്. ഇതിലപ്പുറം നഷ്ടപ്പെട്ടതായ കൃതികൾ നിരവധിയാണ്. ജീവതത്തിന്റ സിംഹഭാഗവും വിജ്ഞാന തേട്ടത്തിന് ഉഴിഞ്ഞുവെച്ച മഹാന് കേരളത്തിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നതാണ് സത്യം.

കേരളത്തിലെ നവോത്ഥാന നായകരായ മുസ്‌ലിം പണ്ഡിതരുടെ ചരിത്രം കൂടുതലൊന്നും എഴുതപ്പെട്ടിട്ടില്ല. എഴുതിയവ തന്നെ ഇത്തരത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞതായി കാണാം. ഇതിനപ്പുറമായി, മുസ്‌ലിം പണ്ഡിതരുടെ നവോത്ഥാന, വൈജ്ഞാനിക പ്രവർത്തനങ്ങൾക്കുമേൽ പൊടി വാരിയിടുന്ന ഇക്കാലത്ത് അവരുടെ പരിശ്രമങ്ങളും പ്രവർത്തനങ്ങളും യുവ സമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്തൽ അനിവാര്യമാണ്.

മുനവ്വിർ സുലൈമാൻ
[email protected]