Connect with us

Cover Story

പാട്ടിന്റെ മധുവർണപ്പൂവ്...

Published

|

Last Updated

ചുമട്ടു തൊഴിലാളിയായി ജീവിതം തുടങ്ങി പാട്ടുകളുടെ ചുമടെടുത്ത് മലയാളത്തിലെ ഗാനാസ്വാദകരുടെ ഹൃദയത്തിൽ അനുഭൂതികളുടെ അത്തറ് തൂവിയ ഒരു പാട്ടുകാരൻ കൂടി നമ്മോട് വിടപറഞ്ഞിരിക്കുന്നു. തലശ്ശേരിക്കാരനായി ജനിച്ചു വടകരക്കാരനായി അറിയപ്പെട്ട എം കുഞ്ഞിമൂസ.

ബാപ്പു വെള്ളിപറമ്പ്

കുഞ്ഞിമൂസയെ ഞാൻ കാണുന്നത് കോഴിക്കോട്ട് ആകാശവാണിയിൽ വെച്ചാണ്. 1980 ൽ. അന്ന് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാത്തതു കൊണ്ടോ – പാട്ടു കൊണ്ടും ചുമടെടുപ്പു കൊണ്ടും മറുകരപറ്റാൻ കഴിയാത്തതുകൊണ്ടോയെന്നറിയില്ല ഒരു പ്രവാസിയായിരുന്നു. മാപ്പിളപ്പാട്ടിന്റെ സുവർണ കാലം എന്നറിയപ്പെട്ടിരുന്ന 1976 ൽ തുടങ്ങി രണ്ടായിരം ആണ്ടു വരെയുള്ള കാലത്ത് കുഞ്ഞിമൂസയുടെ സാന്നിധ്യം ഇവിടെ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ യശശ്ശരീരനായ പി ടി അബ്ദുർഹ്മാൻ എഴുതി കുഞ്ഞി മൂസക്ക ഈണമിട്ട് കോഴിക്കോട് ആകാശവാണിയിൽ പാടിയ “കതിർ കത്തും റസൂലിന്റെ തിരുറൗള ശരീഫിന്റെ…”
“യാഇലാഹീ എന്നെ നീ പടച്ചുവല്ലോ…”
“മസ്ജിദുൽ ഹറം കാണാൻ…”

“നിസ്‌കാരത്തിന്റെ തഴമ്പുള്ള പൂതിങ്കൾ…”
തുടങ്ങി അഞ്ച് പാട്ടുകൾ തരംഗിണിയിലൂടെ ഗാനഗന്ധർവൻ യേശുദാസ് പാടി മുസ്‌ലിം ഭക്തി ഗാനങ്ങൾ എന്ന പേരിൽ പുറത്തുവന്നപ്പോൾ കുഞ്ഞിമൂസയുടെ പേര് അതിൽ ഇല്ലായിരുന്നു. സാക്ഷാൽ എ ടി ഉമറിന്റെ പേരാണ് സംഗീത സംവിധായകനായി തരംഗിണി രേഖപ്പെടുത്തിയത്. കോഴിക്കോട് ടാഗോർ ഹാളിൽ ആ കാസറ്റിന്റെ ലോഞ്ചിംഗ് നടക്കുമ്പോൾ പങ്കാളിയായ ഞാൻ കണ്ടത് ഗാനഗന്ധർവനോടൊപ്പം എ ടി ഉമറിനെയാണ്.
പിന്നീട് ഇടക്കൊക്കെ അവധിക്ക് നാട്ടിൽ വരുമ്പോൾ കോഴിക്കോട് ആകാശവാണിയിൽ മുസ്‌ലിം ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും ആലപിക്കാൻ വന്നപ്പോഴാണ് ഞാൻ കുഞ്ഞിമൂസയെ പരിചയപ്പെടുന്നത്. അപ്പോൾ ഞാൻ ആദ്യം ചോദിച്ചത് യേശുദാസ് പാടിയ ഈ ഗാനങ്ങളെ കുറിച്ചായിരുന്നു. സ്വതസിദ്ധമായ ഒരു പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊതുവെ കുശുമ്പും തൊഴുത്തിൽ കുത്തും കുതികാൽവെട്ടും പാരവെപ്പും നിറഞ്ഞ സംഗീത ലോകത്ത് ആരെ കുറിച്ചും കുഞ്ഞിമൂസയിൽ നിന്ന് പരാതിയോ പിരഭവമോ കേൾക്കാൻ കഴിഞ്ഞിട്ടില്ല.

വഴിത്തിരിവായി
രാഘവൻ മാഷ്

തലശ്ശേരിയിലെ വലിയ തറവാട്ടിലായിരുന്നു ജനനമെങ്കിലും ദുരിതവും ദാരിദ്ര്യവുമായിരുന്നു മൂസയുടെ കൂട്ടുകാരൻ. ഏഴാം ക്ലാസിൽ വെച്ച് പഠനം അവസാനിപ്പിച്ച് തലശ്ശേരി തെരുവിലേക്കിറങ്ങിയ മൂസക്കയുടെ മനസ്സിൽ പാട്ടിന്റെ താളലയഭാവങ്ങളുടെ തിരകൾ ഇളക്കിക്കൊണ്ടിരുന്നെങ്കിലും സംഗീതം പഠിക്കാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടില്ല. ധാരാളം പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും പാട്ടിന്റെ താളമോ രാഗമോ ഏതെന്ന് പറയാനും കഴിയുമായിരുന്നില്ല. രാഘവൻ മാഷ് എന്ന ആ മഹാ മനുഷ്യനെ കണ്ടിരുന്നില്ലെങ്കിൽ കുഞ്ഞിമൂസ എന്ന കലാകാരൻ ഇത്രയേറെ വളരുമോ ? അതായിരിക്കും ദൈവ നിശ്ചയം.

കുഞ്ഞിമൂസയിലെ കലാകാരനെ തേച്ചുമിനുക്കി മണിമുത്താക്കിയെടുത്തത് രാഘവൻ മാഷാണെന്ന് കുഞ്ഞിമൂസ തന്നെ പലപ്പോഴും പറയാറുണ്ടായിരുന്നു.
ഗൾഫ് ജീവിതം ഒരു പാറാവുകാരന്റെ റോളായിരുന്നു. അദ്ദേഹത്തിന് നൽകിയിരുന്നത്. ഗൾഫിലെ ഓഡിറ്റോറിയത്തിൽ താൻ ചിട്ടപ്പെടുത്തിയതും പാടിയതുമായ പാട്ടുകൾ ആലപിക്കുമ്പോൾ അതെന്റെ പാട്ടാണെന്ന് പോലും ആരോടും പറയാൻ കഴിയാതെ, പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കാത്ത നിർവികാരനായി കേട്ടുനിന്ന നിമിഷങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്. ആകാശവാണിയിലേക്ക് രാഘവൻ മാഷ് കൂട്ടിക്കൊണ്ടുപോയി അവസരം കൊടുത്തതിലൂടെയാണ് കുഞ്ഞിമൂസയുടെ പാട്ടുജീവിതം തളിരിടുന്നത്. അന്നത്തെ കോഴിക്കോട് ആകാശവാണി നിലയം പ്രഗത്ഭരായ കലാകാരന്മാരുടെ തട്ടകമായിരുന്നു. തിക്കോടിയൻ, അക്കിത്തം, എൻ എൻ കക്കാട്, കെ എ കൊടുങ്ങല്ലൂർ തുടങ്ങിയവരുമായുള്ള സഹവാസം കുഞ്ഞിമൂസയിലെ ഗായകനെയും കലാകാരനെയും ഉയരത്തിലേക്കുയർത്തി. മറ്റു വിനോദ മാധ്യമങ്ങളൊന്നുമില്ലാത്ത 1960 മുതൽ 1970 ന്റെ പകുതി വരെ ആകാശവാണിയിലെ പാട്ടും കലാപരിപാടികളുമായിരുന്നു ഏക വിനോദോപാധി. അന്നത്തെ ആകാശവാണിയിലെ പ്രശസ്തരോടൊപ്പം കുഞ്ഞിമൂസയുടെ കഴിവും കലാപ്രേമികൾ കണ്ടറിഞ്ഞു.

രാഘവൻ മാഷ്

ഗൾഫിൽ കൈരളി ടി വിയുടെ അവാർഡിന് പോയപ്പോഴാണ് കുഞ്ഞിമൂസയുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞത്. ആ ബന്ധം പ്രായം മറന്ന ഒരു സൗഹൃദമായി കൊണ്ട് നടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കാണുമ്പോഴൊക്കെ ഞാൻ പല നാടൻ തമാശകളും തട്ടിവിടും. അതുകേട്ട് കൊച്ചുകുട്ടികളെപ്പോലെ ചിരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. തന്റെ മൂശയിലിട്ടു ആറ്റിവാറ്റിയെടുത്ത എക്കാലത്തും ഓർമിക്കുന്ന അഞ്ച് പാട്ടുകൾ അതും ഗാനഗന്ധർവൻ ദാസേട്ടൻ പാടിയത് മറ്റൊരാളുടെ പേരിൽ രേഖപ്പെടുത്തി കണ്ടിട്ടും പ്രതികരിക്കാത്ത സഹനത്തിന്റെ കാവൽക്കാരനായിരുന്നു കുഞ്ഞിമൂസ.

കായലരികത്തിന്റെ പാട്ടുകാരൻ രാഘവൻ മാഷ് കണ്ടെത്തിയതൊന്നും മുക്കുപണ്ടമായിപ്പോയിട്ടില്ല. തിളങ്ങുന്ന കലർപ്പില്ലാത്ത പത്തര മാറ്റായിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഈയടുത്ത കാലത്ത് മൺമറഞ്ഞുപോയ തലശ്ശേരിയുടെ പാട്ടുകാരൻ എരഞ്ഞോളി മൂസയും കുഞ്ഞിമൂസയും.
കേവലം ഒരു മാപ്പിളപ്പാട്ടുകാരനായി എഴുത്തുകാരനായി സംഗീത സംവിധായകനായി ഒതുക്കാൻ കഴിയുന്നതല്ല കുഞ്ഞിമൂസയുടെ കലാജീവിതം. മാപ്പിളപ്പാട്ടിനേക്കാൾ കൂടുതൽ അദ്ദേഹം ചെയ്ത ലളിതഗാനങ്ങൾ ഇന്നും ഏറ്റുപാടിക്കൊണ്ടിരിക്കുകായാണ്.

“ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ….”
“ആശകളില്ലാത്തെൻ ജീവിത യാത്രയിൽ….” ഇതുപോലെ മനോഹരങ്ങളായ എത്രയെത്ര ലളിതഗാനങ്ങൾക്കാണ് കുഞ്ഞിമൂസ ഈണത്തിന്റെ പൊൻകൊലുസുകളണിഞ്ഞത്.

ആർക്കും കൈയെത്തിപ്പിടിക്കാൻ കഴിയാത്ത സംഗീതത്തിന്റെ അപാരതയാണ് കുഞ്ഞിമൂസയുടെ “ഖോജരാജാവേ…” എന്ന ഗസൽ. തത്തുല്യമായ ഗാനം പല പാട്ടുകാരും എടുത്ത് പാടിയിട്ടും അതിന്റെ ഏഴയലത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ലെന്നോർക്കുമ്പോഴാണ് കുഞ്ഞിമൂസയുടെ കഴിവിനെ കുറിച്ച് അത്ഭുതപ്പെടുന്നത്.

എം കുഞ്ഞിമൂസ മകനും ഗായകനുമായ
താജുദ്ദീൻ വടകരക്കൊപ്പം

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും ദൈവം കനിഞ്ഞുനൽകിയ പാട്ടിനെ പൊന്നുപോലെ നെഞ്ചിലേറ്റി പരാതികളോ പരിഭവങ്ങളോ ഇല്ലാതെ കലാകൈരളിക്ക് പാട്ടിന്റെ ചങ്കേലസ്സ് കെട്ടിത്തന്ന കുഞ്ഞിമൂസക്കയുടെ പാട്ടുകൾ എണ്ണിപ്പറഞ്ഞാൽ തീരുന്നതല്ല.
“ദറജപ്പൂമോളല്ലെ…”
“മധുവർണ പൂവല്ലെ…”
“ഏതാണി ശൗഖത്തി…”

തുടങ്ങിയ പാട്ടുകൾ ഉള്ളിടത്തോളം കാലം സംഗീത പ്രേമികൾ മൂളിക്കൊണ്ടേയിരിക്കും.

എല്ലാം ഇട്ടെറിഞ്ഞ് ദൈവസന്നിധിയിലേക്ക് കുഞ്ഞിമൂസ യാത്ര തിരിക്കുമ്പോഴും അദ്ദേഹം തികച്ചും ആത്മ സംതൃപ്തിയിലാണെന്ന് നമുക്കുറപ്പിക്കാം. തന്റെ വഴിത്താരയിൽ പാട്ടുപാരമ്പര്യം കൊണ്ടുനടക്കാൻ “ഖൽബാണ് ഫാത്വിമ…” എന്ന ഒറ്റ പാട്ടിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്ന താജുദ്ദീൻ വടകര എന്ന ഗായകനെ നൽകിക്കൊണ്ടാണ് കുഞ്ഞിമൂസ വിടപറയുന്നത്. ജീവിതത്തിന്റെ താഴെക്കിടയിൽ നിന്ന് കഷ്ടപ്പാടിന്റെ മധുരം നുകർന്ന് വന്നവരാണ് ഏത് രംഗത്തും വിജയിച്ചത്. അതിന്റെ പച്ചയായ യാഥാർഥ്യമാണ് കുഞ്ഞിമൂസയുടെ പാട്ടുജീവിതം.
.