അരൂരിൽ മനു സി പുളിക്കൽ

Posted on: September 26, 2019 6:01 pm | Last updated: September 26, 2019 at 6:01 pm


ആലപ്പുഴ: അരൂരില്‍ സീറ്റ് നിലനിര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പില്‍ സി പി എം കളത്തിലിറക്കിയത് യുവനേതാവ് മനു സി പുളിക്കലിനെ. ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ. മനു സി പുളിക്കല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാായത് പ്രതികൂല ഘടകങ്ങളെല്ലാം മറികടന്നാണ്. മന്ത്രി ജി സുധാകരന്റെ ശക്തമായ ഇടപെടലിലാണ് മനു സി പുളിക്കലിന് ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായത്. ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ധീവരസഭാ വിശ്വാസികള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നുമുള്ള സമുദായ സംഘടനകളുടെയും ആവശ്യങ്ങള്‍ തള്ളി ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള യുവനേതാവിനെ തന്നെയാണ് സി പി എം രംഗത്തിറക്കിയിരിക്കുന്നത്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് പരാജയപ്പെട്ട സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ എന്നിവർ തുടക്കം മുതലേ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചെങ്കിലും ഇതെല്ലാം തള്ളി മനു സി പുളിക്കലിന്റെ പേര് സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പി പി ചിത്തരഞ്ജൻ സ്ഥാനാർഥിയാകുമെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈഴവ സമുദായാംഗമായ സി ബി ചന്ദ്രബാബുവിന്റെ പേരും ഈ നിലക്ക് ഉയർന്നു വന്നിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാട് കൂടി വ്യക്തമാക്കപ്പെട്ടതോടെ യു ഡി എഫ് ഈ വിഭാഗത്തിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കാൻ ആലോചനകൾ നടത്തുന്നതിനിടെയാണ് ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള യുവ നേതാവിനെ തന്നെ സി പി എം  കളത്തിലിറക്കിയത്. ചെറിയ പ്രായത്തിൽ തന്നെ സി പി എം ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനം ലഭിച്ച മനു സി പുളിക്കൽ ജില്ലയിലെ പാർട്ടിയുടെ ചുക്കാൻ കൈപ്പിടിയിലൊതുക്കിയിട്ടുള്ള മന്ത്രി ജി സുധാകരന്റെ വിശ്വസ്തൻ കൂടിയാണ്.

നിലവിൽ യുവജനക്ഷേമ ബോർഡ് അംഗവും ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ മനു കഴിഞ്ഞ തവണ പള്ളിപ്പുറത്ത് നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. അരൂർ അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന പള്ളിപ്പുറം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് 5,600 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്ന മനുവിന്റെ ജയം.

സിറിയൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട മനുവിന് വേണ്ടി ജി സുധാകര പക്ഷം യോഗത്തിൽ ശക്തമായി വാദിക്കുകയായിരുന്നു. ചേർത്തല എസ് എൻ കോളജ്, സെന്റ് മൈക്കിൾസ് കോളജ്, കേരള ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ സംഘടനാരംഗത്തേക്ക് വന്ന മനു, എസ് എഫ് ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. രണ്ട് തവണ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
പിതാവ് സിറിയക് എബ്രഹാം പുളിക്കൽ. മാതാവ് ആലീസ് സിറിയക് പുളിക്കൽ. റോഷൻ മനു പുളിക്കലാണ് ഭാര്യ.